Site iconSite icon Janayugom Online

2000 രൂപ നോട്ട് നിരോധനം; 72 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി

പിൻവലിച്ച 2000 രൂപ നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. പ്രചാരത്തില്‍ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്‌തെന്നാണ് വിവരം. പിൻവലിക്കല്‍ പ്രഖ്യാപിച്ച്‌ മൂന്നാഴ്ചയ്ക്കുള്ളില്‍ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു.
ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപയുടെ നോട്ടുകള്‍ക്ക് നിയമ സാധുതയുള്ളതായും ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറിയെടുക്കാമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) അറിയിച്ചിട്ടുണ്ട്. ഒരു സമയം 20,000 രൂപ വിലവരുന്ന നോട്ടുകള്‍ മാത്രമാകും മാറ്റാനാകുക. എന്നാല്‍ നിക്ഷേപത്തിനു പരിധിയില്ല.
നോട്ട് പിന്‍വലിക്കലിന് പിന്നാലെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. 2023 ജൂണ്‍ രണ്ട് വരെയുള്ള കണക്കുപ്രകാരം നിക്ഷേപയിനത്തില്‍ വിവിധ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയ 2000 രൂപയുടെ നോട്ടുകള്‍ 3.26 ട്രില്യന്‍ മൂല്യമുള്ളതാണെന്നും ഇതോടെ ബാങ്ക് നിക്ഷേപം 187.02 രൂപയിലെത്തിയതായും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.
ടേം ഡിപ്പോസിറ്റുകളില്‍ 2.65 ലക്ഷം കോടി രൂപയുടെയും ഡിമാന്‍ഡ് ഡിപ്പോസിറ്റുകളില്‍ 760,968 കോടി രൂപയുടെയും വര്‍ധനയുണ്ടായി. വാര്‍ഷിക നിക്ഷേപ വളര്‍ച്ചാ നിരക്ക് 11.8 ശതമാനമായി. മുന്‍വര്‍ഷത്തില്‍ ഇത് 9.3 ശതമാനമായിരുന്നു.
2016 നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 2018–19‑ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുകയും ചെയ്തു. മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. മെയ് 19 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

eng­lish summary;Banning of Rs 2000 notes; 72 per­cent returned to banks

you may also like this video;

Exit mobile version