Site iconSite icon Janayugom Online

ബരാബങ്കി ക്ഷേത്രത്തില്‍ തിക്കും തിരക്കും: രണ്ട് മരണം

ഉത്തർപ്രദേശിലെ ബരാബങ്കി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരുടെ മേല്‍ വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റവരെ ഹൈദർഗഢ്, ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പത്ത് പേരെ ത്രിവേദിഗഞ്ച് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. ബരാബങ്കി ജില്ലയിലെ ഹൈദർഗഡ് പ്രദേശത്തുള്ള അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിൽ ജലാഭിഷേകത്തിനായി ഭക്തർ ഒത്തുകൂടുകയും ഇതിനിടയില്‍ പരിസരത്തെ കുരങ്ങുകള്‍ വൈദ്യുതി കമ്പികളിലൂടെ നടക്കുകയും അത് പൊട്ടി ക്ഷേത്രത്തിലെ ഷെഡിലേക്ക് വീഴുകയായിരുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. മരിച്ച രണ്ടുപേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചിരുന്നു. 

Exit mobile version