സ്പാനിഷ് ലാലിഗയിൽ തകർപ്പൻ പ്രകടനവുമായി ബാഴ്‌സലോണ. സ്വന്തം മൈതാനമായ നൗകാമ്പിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ ലെവന്റയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബാഴ്‌സലോണയ്ക്ക് വേണ്ടി മാര്‍ക് ബെര്‍ണല്‍, ഫ്രാങ് ഡി യോങ്, ഫെര്‍മിന്‍ ലോപസ് എന്നിവർ ഗോളുകൾ നേടി. മത്സരത്തിന്റെ നാലാം മിനിറ്റിൽ മാര്‍ക് ബെര്‍ണല്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റിൽ ഫ്രാങ് ഡി യോങ് രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ച ബാഴ്‌സലോണയ്ക്ക് 81-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസ് മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.
ലീഗില്‍ റയലിനെ മറികടന്ന് ബാഴ്സലോണ തലപ്പത്തെത്തി. 61 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. റയലുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
മറ്റൊരു മത്സരത്തില്‍ വലെന്‍സിയയെ വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു. സാന്റ് കോമസാന, പപെ ഗുയെ എന്നിവരാണ് വിയ്യാറയലിനായി ഗോളുകള്‍ നേടിയത്. 51 പോയിന്റോടെ വിയ്യാറയല്‍ മൂന്നാമതാണ്. 26 പോയിന്റുള്ള വലെന്‍സിയ 16-ാം സ്ഥാനത്താണുള്ളത്.

