Site iconSite icon Janayugom Online

ബാഴ്സയ്ക്ക് കിരീടം; എൽ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി, റഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ കിരീടം നിലനിർത്തി.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻമാരുടെ വിജയം. ബാഴ്സലോണയ്ക്കായി ബ്രസീലിയൻ താരം റഫീഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ, റോബർട്ട് ലെവൻഡോവ്സ്കി ഒരു ഗോൾ കണ്ടെത്തി. റയലിനായി വിനീഷ്യസ് ജൂനിയറും ഗോൺസാലോ ഗാർഷ്യയും വലകുലുക്കി. ബാഴ്സലോണയുടെ ചരിത്രത്തിലെ പതിനാറാം സ്പാനിഷ് സൂപ്പർ കപ്പ് കിരീടമാണിത്. ഇതോടെ ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന റെക്കോഡ് ബാഴ്സ കൂടുതൽ മെച്ചപ്പെടുത്തി. പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ നേടുന്ന നാലാമത്തെ കിരീടം കൂടിയാണിത്. കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകൾ ഗോൾ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 36-ാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ബാഴ്സലോണയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിന് സമനില നേടിക്കൊടുത്തു. ആവേശം അവിടെയും അവസാനിച്ചില്ല, തൊട്ടുപിന്നാലെ 45+4 മിനിറ്റിൽ ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത റയൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ (45+7) ഗോൺസാലോ ഗാർഷ്യയിലൂടെ വീണ്ടും സമനില പിടിച്ചു. ഇതോടെ ആദ്യ പകുതി 2–2 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരുടീമുകളും ജയത്തിനായി പൊരുതിയെങ്കിലും 73-ാം മിനിറ്റിൽ റഫീഞ്ഞ തന്റെ രണ്ടാം ഗോൾ നേടി ബാഴ്സലോണയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചു. റയൽ പ്രതിരോധനിര താരത്തിന്റെ ദേഹത്ത് തട്ടിത്തെറിച്ചാണ് പന്ത് വലയിലെത്തിയത്. 76-ാം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിനായി കളത്തിലിറങ്ങിയെങ്കിലും ബാഴ്സയുടെ പ്രതിരോധം തകർക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫ്രങ്കി ഡി യോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് ബാഴ്സലോണ പത്തുപേരായി ചുരുങ്ങിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ അവർക്കായി. കഴിഞ്ഞ വർഷത്തെ സൂപ്പർ കപ്പ് ഫൈനലിലും റയലിനെ തോല്പിച്ചാണ് ബാഴ്സ കിരീടം നേടിയത്. ഈ വിജയത്തോടെ ലാലിഗയിൽ ഒക്ടോബറിൽ റയലിനോട് ഏറ്റ തോൽവിക്ക് പകരം വീട്ടാനും ബാഴ്സയ്ക്ക് സാധിച്ചു.

Exit mobile version