Site iconSite icon Janayugom Online

ബാഴ്സലോണയും പിഎസ്ജിയും പരാജയത്തോടെ സെമിയില്‍

തോറ്റിട്ടും ആദ്യപാദത്തിലെ വിജയം കൊണ്ട് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് മുന്നേറി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ആദ്യപാദത്തില്‍ ബാഴ്സലോണ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5–3 എന്ന നിലയിലാണ് ബാഴ്സ സെമിടിക്കറ്റുറപ്പിച്ചത്. 2019നു ശേഷം ഇതാദ്യമായാണ് ബാ‍ഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നത്. മത്സരത്തില്‍ ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസി ഹാട്രിക് നേടി. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗുയ്റാസി ആദ്യ ഗോള്‍ ഡോര്‍ട്ട്മുണ്ടിന് സമ്മാനിക്കുന്നത്. 49-ാം മിനിറ്റില്‍ ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി. 54-ാം മിനിറ്റില്‍ റാമി ബെന്‍സബൈനി സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബാഴ്സലോണയ്ക്ക് ആശ്വാസമായി. എന്നാല്‍ 76-ാം മിനിറ്റിലും ഗുയ്റാസ് ഗോള്‍ നേടി വിജയം ഡോര്‍ട്ട്മുണ്ടിനൊപ്പമാക്കി. ആദ്യപാദത്തിലെ മികച്ച വിജയം ബാഴ്സയ്ക്ക് തുണയായതോടെ സെമിയിലേക്ക് കടക്കുകയായിരുന്നു. 

മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയാണ് പിഎസിജിയെ തോല്പിച്ചത്. എന്നാ­ൽ ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വില്ലയെ പിഎസ്ജി തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ​ഗോളുകൾക്ക് വിജയം നേടി പിഎസ്ജി സെമിയിലേക്ക് കടന്നു. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് പിഎസ്ജിയുടെ തോല്‍വി. 11-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയും 27-ാം മിനിറ്റില്‍ നുനോ മെൻഡസുമാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്. എന്നാല്‍ 34-ാം മിനിറ്റില്‍ യൂറി ടെലിമാൻസിലൂടെ വില്ല ഒരു ഗോള്‍ മടക്കി. ഇതോടെ ആദ്യപകുതി 2–1 എന്ന നിലയിലായി. 55-ാം മിനിറ്റില്‍ ജോൺ മക്ഗിനും 57-ാം മിനിറ്റില്‍ എസ്റി കോൻസയും ഗോള്‍ നേടിയതോടെ 3–2ന്റെ വിജയം വില്ല സ്വന്തമാക്കി. എന്നാല്‍ ആദ്യപാദത്തിലെ വിജയം അനുകൂലമായ പിഎസ്ജി സെമിയിലേക്ക് കടന്നു. 

Exit mobile version