Site iconSite icon Janayugom Online

ബാഴ്സലോണ ലാലിഗ ചാമ്പ്യന്മാര്‍; രണ്ട് മത്സരം ശേഷിക്കെ കിരീടം

രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ലാലിഗ ചാമ്പ്യന്മാരായി ബാഴ്സലോണ. എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചതോടെയാണ് ബാഴ്സലോണ കിരീടമുറപ്പിച്ചത്. ബാഴ്സലോണയുടെ 28-ാം ലാലിഗ കിരീടമാണിത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ 85 പോയിന്റാണ് ബാഴ്സലോണ നേടിയത്. 36 മത്സരങ്ങളിൽ 27 വിജയങ്ങളും നാലു സമനിലയും അഞ്ച് തോൽവികളുമാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 36 കളികളിൽനിന്ന് 78 പോയിന്റുണ്ട്.
മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 53-ാം മിനിറ്റില്‍ ലാമിന്‍ യമാലാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ 80–ാം മിനിറ്റിൽ എസ്പാന്യോൾ താരം ലിയാൻഡ്രോ കബ്രേര ചുവപ്പു കാർഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസ് ലീഡ് ഇരട്ടിയാക്കി കിരീടമുറപ്പിച്ചു. വിയ്യാറയല്‍, അത്‌ലറ്റിക് ക്ലബ്ബ് എന്നിവര്‍ക്കെതിരെയാണ് ബാഴ്സയ്ക്ക് ഇനി മത്സരമുള്ളത്. 

ജര്‍മ്മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന് ഇതൊരു നേട്ടമാണ്. ബാഴ്സയ്ക്കൊപ്പമുള്ള ആദ്യ സീസണില്‍ ലാ ലിഗ, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം നേടാനായി. ജര്‍മ്മന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ കോച്ചെന്ന നാണക്കേടോടെയാണ് ഫ്ലിക്ക് ബാഴ്സയിലെത്തിയത്. എന്നാല്‍ ഫ്ലിക്കിന്റെ തന്ത്രങ്ങളില്‍ ബാഴ്സലോണ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് മയ്യോര്‍ക്കയെ തോല്പിച്ചതോടെയാണ് ബാഴ്സയുടെ കിരീടനേട്ടം നീണ്ടത്. ഈ സീസണ്‍ ലാലിഗയിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ ബാഴ്സലോണയോട് തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്ക് ക്ലബ്ബ് പരാജയപ്പെടുത്തി. 67 പോയിന്റോടെ നാലാമതാണ് അത്‌ലറ്റിക് ക്ലബ്ബ്. 39 പോയിന്റുള്ള ഗെറ്റാഫെ 15-ാമതാണ്. 

Exit mobile version