Site iconSite icon Janayugom Online

ബാഴ്സലോണ ഇന്‍; റേസിങ് സാന്റാൻഡറിനെ വീഴ്ത്തി കോപ്പ ഡെൽ റേയിൽ ക്വാര്‍ട്ടറില്‍

കോപ്പ ഡെൽ റേയിൽ ര­ണ്ടാം ഡിവിഷൻ ക്ലബ്ബായ റേസിങ് സാന്റാൻഡറിനെ തോല്പിച്ച് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിൽ. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ആദ്യ പകുതിയിൽ റേസിങ് സാന്റാൻഡർ ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചിട്ടെങ്കിലും രണ്ടാം പകുതിയിൽ ബാഴ്‌സലോണ താളം കണ്ടെത്തുകയായിരുന്നു. 66-ാം മിനിറ്റിൽ ഫെറാൻ ടോറസും ഇഞ്ചുറി ടൈമിൽ യുവതാരം ലാമിനെ യമാലും ബാഴ്സയ്ക്കായി വലകുലുക്കി. ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ മികച്ച ഫോമിലാണ്. തുടർച്ചയായ 11 മത്സരങ്ങളിൽ ടീം പരാജയമറിയാതെ മുന്നേറുന്നു. 

2015ന് ശേഷമുള്ള ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2025 നവംബറിൽ ചാമ്പ്യ­ൻസ് ലീഗിൽ ചെൽസിയോട് (0–3) തോറ്റതിന് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ബാഴ്സ വിജയിച്ചു. ഇ­ടയ്ക്ക് സമനില പോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബസെറ്റെയോട് തോറ്റ് പുറത്തായിരുന്നു. അടുത്തിടെ റയലിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ചൂടിയത്. മറ്റൊരു മത്സരത്തില്‍ ബുര്‍ഗോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലെന്‍സിയ തോല്പിച്ചു. റൂബന്‍ ഇറാന്‍സോ (10), ഉമര്‍ സാദിഖ് (50) എന്നിവരാണ് സ്കോറര്‍മാര്‍.

Exit mobile version