Site iconSite icon Janayugom Online

ബാഴ്‌സ പുറത്ത്; ബയേണിന് മൂന്ന് ഗോളിന്റെ ജയം

21 വര്‍ഷത്തിനു ശേഷം പ്രീ ക്വാര്‍ട്ടര്‍ കാണാതെ യുവേഫ ചാമ്പ്യൻസ് ലീഗില്‍ നിന്നും ബാഴ്‌സ പുറത്ത്. ശക്തരായ ബയേണിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെട്ടത്. ബയേണിനെകൂടാതെ ബെൻഫിക്കയാണ് ഗ്രൂപ്പ് ഇയില്‍ നിന്നും യോഗ്യത നേടിയത്. ജയം അനിവാര്യമായ മത്സരത്തില്‍ പ്രധാന താരങ്ങളൊന്നും ഫോം കണ്ടെത്താത്തത് ബാഴ്‌സയ്ക്കു വിനയായി. 34ാം മിനിറ്റില്‍ തോമസ് മുളളറാണ് ആദ്യഗോള്‍ വലയിലെത്തിച്ചത്. 43ാം മിനിറ്റില്‍ ലിറോയ് സനെയുടെ ഗോള്‍കൂടി ആയപ്പോള്‍ കളി ഏകപക്ഷീയമായി. ബാഴ്‌സ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് 62ാം മിനിറ്റില്‍ ജമാല്‍ മുസിയാല ഒരു മനോഹരമായ ഗോള്‍ നേടി ബാഴ്‌സയ്ക്ക് യാത്രയയപ്പ് നല്‍കി. നാണക്കേടിന്റ നടുവില്‍ നില്‍കുന്ന ബാഴ്‌സയ്ക്ക് കോടികളുടെ നഷ്ടവും അനുഭവിക്കേണ്ടി വരും.

വമ്പന്‍ പരാജയത്തിനു പിന്നാലെ ഇനി എന്ത് എന്ന ചോദ്യചിഹ്നമാണ് ബാക്കിയാകുന്നത്. അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെങ്കില്‍ ലാ ലിഗയില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യേണ്ടതായി വരും. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്സിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒന്‍പതാം മിനിറ്റില്‍ മാസന്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ഫാബിയന്‍ റെയ്ഡറിലൂടെയാണ് യങ് ബോയ്സ് സമനില പിടിച്ചത്. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായാണ് യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ സെനിത് സമനിലയില്‍ ഒതുക്കി. മത്സരത്തിന്റെ അധിക സമയത്ത് മാഗോമെദ് നേടിയ ഗോളാണ് ചെല്‍സിയുടെ വിജയത്തിന് വിനയായത്. ക്ലോഡിനോയും സര്‍ദാര്‍ ആസ്‌മൗനുമാണ് സെനിതിന്റെ മറ്റ് സ്കോറര്‍മാര്‍. ടിമൊ വെര്‍ണര്‍ (2,85) റൊമേലു ലൂക്കാക്കു (62) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

eng­lish summary;Barcelona out; Bay­ern win by three goals

you may also like this video;

Exit mobile version