ജർമൻ ബുണ്ടസ് ലീഗയിൽ ആർബി ലെയ്‌പ്‌സിഗിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബയേൺ മ്യൂണിക്ക് കിരീടത്തിലേക്കുള്ള കുതിപ്പ് തുടരുന്നു. റെഡ് ബുൾ അരീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ തിരിച്ചടിച്ചാണ് ബയേൺ തകർപ്പൻ വിജയം ആഘോഷിച്ചത്. ജയത്തോടെ ലീഗിൽ തോൽവിയറിയാത്ത ടീമെന്ന റെക്കോഡും ബയേൺ നിലനിര്‍ത്തി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ റൊമുലു കാർഡോസോയിലൂടെ ലെയ്‌പ്‌സിഗാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയിൽ ജോഷ്വാ കിമ്മിചിനെയും മൈക്കൽ ഒലീസെയെയും കളത്തിലിറക്കിയ കോംപനിയുടെ തന്ത്രം മത്സരഗതി മാറ്റിമറിച്ചു. 50-ാം മിനിറ്റിൽ സെർജ് ഗ്നാബ്രി സമനില ഗോൾ കണ്ടെത്തിയതോടെ ബയേണിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമായി. 67-ാം മിനിറ്റിൽ ഹാരി കെയ്ൻ ബയേണിനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ മൈക്കൽ ഒലീസെ കളം നിറഞ്ഞു.
ബയേൺ നേടിയ അഞ്ച് ഗോളുകളിൽ മൂന്നിനും അസിസ്റ്റ് നൽകിയത് ഒലീസെയായിരുന്നു. കൂടാതെ ഒരു ഗോളും താരം സ്വന്തമാക്കി. അവസാന ആറ് മിനിറ്റിനിടെയാണ് ബയേണിന്റെ അവസാന മൂന്ന് ഗോളുകളും പിറന്നത്. ജോനാതൻ ഥാ (82), അലക്‌സാണ്ടർ പാവ്‌ലോവിച് (85), മൈക്കൽ ഒലീസെ (88) എന്നിങ്ങനെയാണ് ഗോളുകള്‍ പിറന്നത്. 18 മത്സരങ്ങളിൽ നിന്ന് 16 ജയവും രണ്ട് സമനിലയുമായി 50 പോയിന്റോടെ ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി 11 പോയിന്റ് വ്യത്യാസമാണ് ബയേണിനുള്ളത്.

