ബിബിസി നിര്‍മ്മിച്ച ദ മോഡി ക്വസ്റ്റ്യന്‍ എന്ന പരമ്പരയുടെ പ്രദര്‍ശനം നിരോധിച്ച തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. നിരോധനം സംബന്ധിച്ച ഉത്തരവിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ബെഞ്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഏപ്രിലില്‍ കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, എം എം സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവായി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2021ലെ അടിയന്തര അധികാരങ്ങള്‍ പ്രയോഗിച്ചാണ് കേന്ദ്രം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം രാജ്യത്ത് നിരോധിച്ചതെന്ന് ഹര്‍ജിക്കാരനായ എന്‍ റാമിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഐടി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പല ഹൈക്കോടതികളിലും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിന് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഹൈക്കോടതികളെ സമീപിക്കാതെ സുപ്രീം കോടതിയില്‍ എത്തിയതെന്നതിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചത്.
ഐടി നിയമത്തിലെ പ്രസ്തുത വകുപ്പ് ഉപയോഗിച്ചാണോ ഡോക്യുമെന്ററി നിരോധിച്ചതെന്ന ബെഞ്ചിന്റെ ചേദ്യത്തിന് അതേയെന്ന മറുപടിക്കൊപ്പം ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ ഐടി നിയമത്തിലെ ചില വകുപ്പുകള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഉദയ് സിങ് ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിവൃത്തമാക്കിയുള്ള ബിബിസി യുടെ ഡോക്യുമെന്ററി നിരോധിച്ചത് ചോദ്യം ചെയ്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, തൃണമൂല്‍ എംപി മഹുവാ മൊയിത്ര എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: BBC documentary ban: Center to produce documents: Supreme Court
You may also like this video