ഗുജറാത്ത് വംശഹത്യയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹി സര്‍വകലാശാലയില്‍ 24 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് നാല് മണിക്ക് സര്‍വകലാശാലയുടെ ആര്‍ട്സ് ഫാക്കല്‍റ്റി ഗേറ്റിന് സമീപം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അംഗീകരിച്ചില്ലെന്നും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന വിവരം സര്‍വകലാശാല അധികൃതര്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കാമ്പസില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. കോളജില്‍ ഡിസംബറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 28 വരെ ഇത് തുടരുമെന്നും പൊലീസ് പറഞ്ഞു.
ജെഎന്‍യുവിലും ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല കാമ്പസിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. അംബേദ്കര്‍ സര്‍വകലാശാലയിലേക്കുള്ള വൈദ്യുതി ബന്ധവും അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു.
English Summary: BBC documentary screening; 24 students arrested in Delhi University
You may like this video also