ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഏതാണ്ട് പത്തോളം ജീവനക്കാരും തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ഓഫിസുകളില്‍ തങ്ങിയത്. 60 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡില്‍ 2012 മുതലുള്ള കണക്കുകളാണ് പരിശോധിച്ചതെന്നാണ് സൂചന. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്നും പരിശോധനയോട് പൂര്‍ണമായി സഹകരിക്കണമെന്നും ബിബിസി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. അതേസമയം ബിബിസിക്ക് എതിരായി പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓഫിസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മോഡി വിരുദ്ധ ഡോക്യുമെന്ററിക്ക് പിന്നാലെയാണ് നികുതി വെട്ടിപ്പ് നടന്നോ എന്ന പരിശോധനയുമായി ഐടി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ പരിശോധനയ്ക്ക് എത്തിയത്.

