Site iconSite icon Janayugom Online

ബിബിസി — ട്രംപ് നിയമയുദ്ധം; കേസ് തള്ളണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് മാധ്യമം കോടതിയിൽ

തന്റെ പ്രസംഗം തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചു എന്നാരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ നഷ്ടപരിഹാരക്കേസ് തള്ളണമെന്ന ആവശ്യവുമായി ബിബിസി കോടതിയിൽ. 500 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലോറിഡ കോടതിയിലാണ് ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ഈ കേസ് ഫ്ലോറിഡ കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഡോക്യുമെന്ററി അമേരിക്കയിൽ സംപ്രേക്ഷണം ചെയ്തിട്ടില്ലാത്തതിനാൽ ട്രംപിന്റെ പ്രതിച്ഛായയ്ക്ക് അവിടെ കോട്ടം സംഭവിച്ചിട്ടില്ലെന്നും ബിബിസി വാദിക്കുന്നു. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷവും ഫ്ലോറിഡയിൽ വലിയ ഭൂരിപക്ഷത്തോടെ ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന് പ്രായോഗികമായ തകർച്ചയുണ്ടായിട്ടില്ല എന്നതിന് തെളിവാണെന്നും ബിബിസി ചൂണ്ടിക്കാട്ടി.

2021 ജനുവരി 6ലെ ട്രംപിന്റെ പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ തമ്മിൽ കൂട്ടിച്ചേർത്ത് അദ്ദേഹം ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന തെറ്റായ ധാരണ, പനോരമ ഡോക്യുമെന്ററി നൽകിയെന്നാണ് ട്രംപിന്റെ ആരോപണം. എഡിറ്റിംഗിൽ പിശക് സംഭവിച്ചതായി ബിബിസി നേരത്തെ സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു. ഈ വിവാദത്തെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി, ന്യൂസ് വിഭാഗം മേധാവി ഡെബോറ ടർണസ് എന്നിവർ രാജിവെച്ചിരുന്നു. എഡിറ്റിംഗിൽ അശ്രദ്ധയുണ്ടായെങ്കിലും അത് മാനനഷ്ടക്കേസിന് അടിസ്ഥാനമല്ലെന്ന നിലപാടിലാണ് ബിബിസി. 

Exit mobile version