ഐപിഎൽ ടീമുകളുടെ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശവുമായി ബിസിസിഐ. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്ത പശ്ചാത്തലത്തിലാണ് തീരുമാനം. ടീമുകളുടെ തിടുക്കത്തിലുള്ള ആഘോഷപരിപാടി അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. കിരീടം നേടിയതിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയാഘോഷം സംഘടിപ്പിച്ച ആര്‍സിബി വിക്ടറി മാര്‍ച്ചും നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആദ്യം പൊലീസ് വിക്ടറി മാര്‍ച്ചിന് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്.

