ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം ബിസിസിഐ തള്ളിയെന്ന് റിപ്പോര്‍ട്ട്. ബൗളിങ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്റെ പേരും ഗംഭീര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഇത് അംഗീകരിച്ചില്ല. ഇതിനുപിന്നാലെയാണ് ജോണ്ടി റോഡ്‌സിന്റെ പേരും ബിസിസിഐ തള്ളിയത്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ മെന്ററായിരുന്ന ഗംഭീറിനൊപ്പം ഫീല്‍ഡിങ് പരിശീലകനായിരുന്നു റോഡ്സ്. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരായി പല പ്രമുഖ താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നത് നിയമിക്കപ്പെടുന്നതിന് മുമ്പ് ഗംഭീര്‍ മുന്നോട്ടുവച്ച ഉപാധികളിലൊന്നായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെ മതിയെന്നാണ് ബിസിസിഐയുടെ നിലപാടെന്നാണ് സൂചന.
അതേസമയം ബാറ്റിങ് പരിശീലകനായി മുംബൈ ടീമിന്റെ മുന്‍ ബാറ്റര്‍ അഭിഷേക് നായരെ നിയമിക്കണമെന്ന ആവശ്യത്തോട് ബിസിസിഐ അനുകൂല മനോഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. 2024 ഐപിഎല്ലില്‍ ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പരിശീലിപ്പിക്കാന്‍ അഭിഷേകുമുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള മികച്ച കളിക്കാരെ അഭിഷേക് പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബൗളിങ് ഇതിഹാസം സഹീര്‍ ഖാനെ ബൗളിങ് കോച്ചായി നിയമിക്കാന്‍ ബിസിസിഐ ഒരുക്കമാണ്. ലക്ഷ്മിപതി ബാലാജിയെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഗംഭീര്‍ വിനയ് കുമാറിനുവേണ്ടി രംഗത്തെത്തുകയായിരുന്നു. ഇത് തള്ളിയതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനെ നിയമിക്കണമെന്നാണ് ഗംഭീറിന്റെ പുതിയ ആവശ്യം.
ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്നപ്പോള്‍ 2014–2016 സീസണില്‍ മോര്‍ക്കല്‍ കൊല്‍ക്കത്തക്കായി കളിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു മോര്‍ക്കല്‍. എന്നാല്‍ ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹവുമായുള്ള കരാര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസാനിപ്പിച്ചു. റോഡ്സിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ് ഫീല്‍ഡിങ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെയുടെ പേര് ഗംഭീര്‍ മുന്നോട്ടുവച്ചെങ്കിലും പരിശീലകനും സഹ പരിശീലകരും ഇന്ത്യക്കാര്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ഇതിനിടെ ദ്രാവിഡിന് കീഴില്‍ ഫീല്‍ഡിങ് പരിശീലകനായിരുന്ന ടി ദിലീപിനെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ബിസിസിഐക്ക് മുന്നിലുണ്ട്. ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്ബ് ഗംഭീറിന്റെ സഹ പരിശീലകരെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.
English Summary: BCCI rejects Gautam Gambhir ‘s two demands
You may also like this video