Site iconSite icon Janayugom Online

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ: സമ്മതമെന്ന് രോഹിത്

ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ രോഹിത് ശർമ്മയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐയുടെ നിര്‍ദേശം.

പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. ഡിസംബര്‍ 24നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിതും കോലിയും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ വിരാട് കോലി തീരുമാനമെടുത്തിട്ടില്ല. കായികക്ഷമത നിലനിര്‍ത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചതെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ കോലിയും രോഹിത്തും തിളങ്ങിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടാണ് അവസാന മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടി. കോലി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന മത്സത്തില്‍ പുറത്താവാതെ 74 റണ്‍സ് നേടി. 

എന്നാല്‍ കോലി ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമോയെന്ന് വ്യക്തമല്ല. നേരത്തെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റതിന് പിന്നാലെ ബിസിസഐ നിര്‍ദേശപ്രകാരം ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ ഓരോ മത്സരം കളിച്ചിരുന്നു. കോലി 12 വര്‍ഷത്തിന് ശേഷം ഡല്‍ഹിക്ക് വേണ്ടിയും രോഹിത് 10 വര്‍ഷത്തിന് ശേഷം മുംബൈക്ക് വേണ്ടിയുമാണിറങ്ങിയത്. സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിലും കളിക്കാൻ രോഹിത് ശർമ്മ താല്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 26നാണ് ടൂര്‍ണമെന്റ്. 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. ഒക്ടോബര്‍-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്.

Exit mobile version