Site iconSite icon Janayugom Online

കോച്ചിങ് സ്റ്റാഫില്‍ ബിസിസിഐയുടെ അഴിച്ചുപണി; അഭിഷേകും ദിലീപും തെറിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ അഴിച്ചുപണിയുമായി ബിസിസിഐ. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴില്‍ സഹ പരിശീലകനായിരുന്ന അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, സ്ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി എന്നിവരെ പുറത്താക്കി. റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ ബിസിസിഐ നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് പരിശീലന സ്ഥാനത്ത് നിന്നൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗൗതം ഗംഭീര്‍ പരിശീലകനായെത്തിയതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ ഇന്ത്യയുടെ സഹപരിശീലകനായി നിയമിച്ചത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുപ്പ് നടക്കുന്നതിന് മുന്നോടിയാണ് പുതിയ നീക്കം. അഭിഷേക് നായർക്കും സോഹം ദേശായിക്കും പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ ക­ണ്ടെ­ത്തിയതിനാലാണ് ബിസിസിഐ നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ പുറത്തു വന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിച്ചയാണെന്നും ഗംഭീര്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, സോഹം ദേശായി എന്നിവര്‍ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ പരിശീലക സംഘത്തിനൊപ്പമുണ്ട്. അതിനാല്‍ മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നുവെന്നുള്ള നോട്ടീസാണ് ഇരുവര്‍ക്കും നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനെതിരെ സമ്പൂര്‍ണ പരാജയവും ഓസ്ട്രേലിയയ്ക്കെതിരെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ഇന്ത്യ കൈവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീര്‍ ഉള്‍പ്പെടുന്ന പരിശീലക സംഘത്തിലുള്‍പ്പെടെ ബിസിസിഐ കര്‍ശനം നിയന്ത്രണം കൊണ്ടുവരുന്നത്. ജൂണ്‍ 20 മുതല്‍ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. 

Exit mobile version