Site iconSite icon Janayugom Online

ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ സമ്മാനം 58 കോടി

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് ടീമിന് പാരിതോഷികമായി ലഭിക്കുക. കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ വീഴ്ത്തിയാണ് രോഹിത് ശർമ്മയും സംഘവും കിരീടം ചൂടിയത്. തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും ഓരോ താരത്തിനും മൂന്നുകോടി രൂപ വീതം ലഭിക്കും. കോച്ചിങ് സ്റ്റാഫുകള്‍ക്കും സപ്പോര്‍ട്ട്‌ സ്റ്റാഫുകള്‍ക്കും 50 ലക്ഷം വീതവും ബിസിസിഐ ഒഫീഷ്യല്‍സ്, ലോജിസ്റ്റിക് മാനേജേഴ്‌സ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. അതേസമയം ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ഐസിസിയുടെ സമ്മാനത്തുകയായ 20 കോടിയോളം രൂപ, കളിക്കാര്‍ക്കിടയില്‍ മാത്രം വിതരണം ചെയ്യാമെന്നാണ് ബിസിസിഐയുടെ തീരുമാനം.

ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനെയും പാകിസ്ഥാനെയും ആറ് വിക്കറ്റിന് തോല്പിച്ച ഇന്ത്യ, മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിനെ 44 റൺസിന് തകർത്തു. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യ, ന്യൂസിലാൻഡിനെ വീഴ്ത്തി കിരീടം ചൂടി. രോഹിത് ശര്‍മ്മയുടെ കീഴില്‍ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഏക ടീമും ഇന്ത്യതന്നെ. പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ നിഷ്പക്ഷ വേദിയായ ദുബായിലാണ് എല്ലാ മത്സരങ്ങളും കളിച്ചത്. 2024 ടി20 ലോകകപ്പിലും ഇന്ത്യ ഒരു മത്സരം തോല്‍ക്കാതെയാണ് കിരീടം ചൂടിയത്. 

Exit mobile version