Site iconSite icon Janayugom Online

കോപ്പ ഡെല്‍ റേയില്‍ റയലിനെ വീഴ്ത്തി; ബാഴ്സയ്ക്ക് കിരീടം

കോപ്പ ഡെല്‍ റെ ഫൈനലില്‍ ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരില്‍ ജയിച്ച് ബാഴ്സലോണ. റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റേയില്‍ 32-ാം കിരീടം ചൂടി. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോളുകളുമായി സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് ബാഴ്സലോണ വിജയഗോള്‍ നേടിയത്. 

സെവിയ്യയില്‍ നടന്ന ആവേശ മത്സരത്തില്‍ 28-ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ബാഴ്സ ആധിപത്യം സ്ഥാപിച്ചു. ഇതിന് മറുപടി നല്‍കാന്‍ രണ്ടാം പകുതിയിൽ 46-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ സബ്സ്റ്റ്യൂട്ടായി കളത്തിലെത്തി. 70–ാം മിനിറ്റിൽ കിലിയൻ എംബപ്പെ, 77–ാം മിനിറ്റിൽ ചൊവാമനി എന്നിവരിലൂടെ റയല്‍ 2–1ന് മുന്നിലെത്തി. എന്നാല്‍ ചിരവൈരികളായ റയലിനോട് തോല്‍ക്കാന്‍ മനസില്ലാത്ത ബാഴ്സ 84-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ഫെറാന്‍ ടോറസാണ് സ്കോറര്‍. 

ഇഞ്ചുറി ടൈമിൽ 99-ാം മിനിറ്റിൽ റാഫീഞ്ഞയെ ഫൗൾ ചെയ്തതിന് ബാഴ്സയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനകൾക്കു ശേഷം തീരുമാനം പിന്‍വലിച്ചു. ഇതോടെ നിശ്ചിത സമയത്ത് 2–2ന് സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് നീങ്ങി. 116-ാം മിനിറ്റിൽ ജുൽസ് കുൻഡെയുടെ ഗോളില്‍ ബാഴ്സ കിരീടം നേടി. എന്നാല്‍ ഈ ഗോളിന് പിന്നാലെ മൂന്ന് റയല്‍ താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. റയൽ താരങ്ങളായ അന്റോണിയോ റൂഡിഗർ, ലുകാസ് വാസ്കസ്, ജൂഡ് ബെല്ലിങ്ങാം എന്നിവരാണ് ചുവപ്പു കാർഡ് കണ്ടു പുറത്തായവര്‍. സീസണിൽ മൂന്നാം തവണയാണ് ബാഴ്സയോട് മാഡ്രിഡ് തോൽവി വഴങ്ങുന്നത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റയല്‍ പുറത്തായിരുന്നു. നിലവില്‍ സ്പാനിഷ് ലാലിഗ കിരീടപ്പോരാട്ടത്തില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും കടുത്ത പോരാട്ടത്തിലാണ്. 76 പോയിന്റോടെ ബാഴ്സയാണ് തലപ്പത്ത്. നാല് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ തൊട്ടുപിന്നിലുണ്ട്. 

Exit mobile version