Site icon Janayugom Online

ബേക്കല്‍ ബീച്ച് പാര്‍ക്ക് നവീകരണത്തിന് ഏഴ് കോടി രൂപയുടെ പദ്ധതി

ബേക്കല്‍ ബീച്ച് പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബി.ആര്‍.ഡി.സി സമര്‍പ്പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. 11 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്ക് 2000‑ലാണ് അവസാനമായി നവീകരിച്ചത്. നിലവില്‍ ബി.ആര്‍.ഡി.സി-യില്‍ നിന്ന് ടെണ്ടര്‍ നടപടിയിലൂടെ പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിനാണ് ഈ പാര്‍ക്ക് ഏറ്റെടുത്ത് നടത്തുന്നത്. മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബി.ആര്‍.ഡി.സി-ക്ക് നല്‍കണം. പാര്‍ക്ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ബി.ആര്‍.ഡി.സി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്.

ഇതില്‍ 2.50 കോടി രൂപ ടൂറിസം പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുമ്പോള്‍ 2.50 കോടി രൂപ ബി.ആര്‍.ഡി.സി സ്വന്തം ഫണ്ട് ചെലവഴിക്കും. നിലവില്‍ പാര്‍ക്ക് ഏറ്റെടുത്ത് നടത്തുന്ന പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി നിലവിലുള്ള നടത്തിപ്പ് രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയാല്‍ രണ്ട് കോടി രൂപ പാര്‍ക്ക് നവീകരണ പ്രൊജക്ടില്‍ ചെലവഴിക്കാന്‍ തയ്യാറാണെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മുഖേന ടൂറിസം സെക്രട്ടറിക്ക് ഹരജി സമര്‍പ്പിച്ചിരുന്നു. മനോഹരമായ പ്രവേശന കവാടം, പുല്‍തകിടികള്‍ക്കിടയിലൂടെയുള്ള നടപ്പാതകള്‍, പൂന്തോട്ടം, ശില്‍പ്പത്തോടെയുള്ള റൗണ്ട് എബൗട്ട്, ബോട്ടിന്റെ മാതൃകയിലുള്ള ശില്‍പ്പങ്ങള്‍, ലൈറ്റുകള്‍, പുതിയ കളിക്കേപ്പുകള്‍, സ്റ്റേ കേറ്റിംഗ് ഏരിയ, ആംഫി തീയേറ്റര്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പുതിയ പ്രൊജക്ടിന്റെ ഭാഗമായി ചെയ്യും.
പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിനെ പ്രൊജക്ട് നവീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നതോടെ നിലവിലുള്ള പ്രൊജക്ടില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് പറയുന്നത്, പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഉന്നതതല യോഗം വിളിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

eng­lish sum­ma­ry; beck­al beach park renovation

you may also like this video;

Exit mobile version