Site icon Janayugom Online

തായ്‍വാനിലെ ചെെനയുടെ സമീപനത്തില്‍ എതിര്‍പ്പറിയിച്ച് ബെെഡന്‍

ചെെനീസ് പ്രസി‍ഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തായ്‍വാന്‍ വിഷയത്തിലെ ചെെനയുടെ നിലപാടില്‍ എതിര്‍പ്പറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍. ഇന്തോനേഷ്യയില്‍ ഇന്നാരംഭിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബെെഡന്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. തായ്‍വാനോടുള്ള ചെെനയുടെ അക്രമാസക്തമായ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് ബെെഡന്‍ ഷീയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസിന്റെ ഏകാ ചെെനാ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ സമീപനങ്ങളെ എതിര്‍ക്കുന്നതായും ബെെഡന്‍ ഷീയെ അറിയിച്ചതായി വെറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഫലപ്രദമായി കെെകാര്യം ചെയ്യണമെന്നും മത്സരം സംഘര്‍ഷമാകുന്നത് തടയണമെന്നും ബെെഡന്‍ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ശരിയായ വഴി കണ്ടെത്തേണ്ടതുണ്ടെന്ന് ഷീ അഭിപ്രായപ്പെട്ടു. യുഎസ്-ചൈന ബന്ധം ആരേ­ാഗ്യകരവും സുസ്ഥിരവുമായ പാതയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെെനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലൊസിയുടെ തായ്‍വാന്‍ സന്ദര്‍ശനത്തിനുശേഷം കാലാവസ്ഥാ വ്യതിയാനം, ജുഡീഷ്യൽ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ യുഎസുമായുള്ള സഹകരണം ചെെന അവസാനിപ്പിച്ചിരുന്നു. ഉക്രെയ്ൻ സംഘര്‍ഷത്തിലും ഇരു രാജ്യങ്ങള്‍ തമ്മിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ജി20 ഉച്ചകോടി ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്ന് ആരംഭിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്തോനേഷ്യയിലെത്തി. ‍ജോ ബെെഡനും ഷീ ജിൻ പിങ്ങിനും പുറമേ. യുകെ പ്രധാനമന്ത്രി റിഷി സുനക്, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവര്‍ പങ്കെടുക്കും. 

കോവിഡാനന്തര ലോകം, കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങള്‍ തമ്മിലുള്ള സാങ്കേതിക സാമ്പത്തിക സഹകരണം, ഭക്ഷ്യ- ഊര്‍ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയിലെ മുഖ്യ അജണ്ട. ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ഇന്തോനേഷ്യ ഒരു വർഷത്തേക്ക് ജി-20 പ്രസിഡൻസി ഇന്ത്യക്ക് കൈമാറും. ഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിലാകും ജി20 സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുക. ആഗോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ പകര്‍ച്ചവ്യാധി ഫണ്ടിന് ജി20 രാജ്യങ്ങള്‍ രൂപം നല്‍കിയിരുന്നു. ആരോഗ്യ- ധനമന്ത്രിമാര്‍ ചേര്‍ന്നാണ് ഫണ്ട് രൂപീകരിച്ചത്. 40 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ജി20 രാജ്യങ്ങളും സഖ്യത്തിന് പുറത്തുള്ളവരും സന്നദ്ധ സംഘടനകളും പങ്കുചേരും. നിലവില്‍ സമാഹരിച്ച ഫണ്ട് അപര്യാപ്തമാണെന്നും 3100 കോടിയെങ്കിലും സമാഹരിക്കേണ്ടതുണ്ടെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡാ പറഞ്ഞു. 

Eng­lish Summary:Beden oppos­es Chi­na’s approach to Taiwan
You may also like this video

Exit mobile version