Site iconSite icon Janayugom Online

ദൈവവിശ്വാസം കുത്തനെ ഇടിയുന്നു 32% ചെറുപ്പക്കാരും നിരീശ്വരര്‍; ഗാളപ് സര്‍വേ

മെയ് മാസം 2 മുതല്‍ 22 വരെ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തു വന്നത്. സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പ്രതികരിച്ചത് തങ്ങള്‍ വിശ്വാസികളാണെന്നാണ്. എന്നാല്‍ 2017ല്‍ നടത്തിയ സര്‍വേയില്‍ ദൈവവിശ്വാസമുണ്ടെന്നു തുറന്നു പറഞ്ഞത് 87 ശതമാനം പേരായിരുന്നു. 1944 മുതല്‍ ഗാളപ് സര്‍വേ നടത്തി വരുന്നുണ്ട്. എന്നാല്‍ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവവിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഇവാഞ്ചലിസ്റ്റ് വിഭാഗങ്ങള്‍ക്കും കത്തോലിക്കാ സഭയ്ക്കും വലിയ സ്വാധീനമുള്ള യുഎസില്‍ നിരീശ്വരവാദികളുടെ എണ്ണം 19 ശതമാനമായി ഉയര്‍ന്നു എന്നത് ഈ മേഖലയിലെ വിദഗ്ധരും നോക്കിക്കാണുന്നത്.

പത്ത് വര്‍ഷം മുന്‍പ് നടത്തിയ സര്‍വേയില്‍ 92 ശതമാനം പേരും ദൈവവിശ്വാസികളായിരുന്നു എന്നതും ഇതിനോടു കൂട്ടിവായിക്കണം. തൊട്ടുമുന്‍പത്തെ വര്‍ഷങ്ങളില്‍ നടന്ന സര്‍വേയില്‍ ദൈവവിശ്വാസികളുടെ ശതമാനത്തില്‍ വന്ന ഇടിവിന്റെ തുടര്‍ച്ചയാണ് ഇക്കൊല്ലത്തെ സര്‍വേ ഫലവും. ചെറുപ്പക്കാര്‍ക്കിടയിലും ഇടതുപക്ഷക്കാര്‍ക്കിടയിലുമാണ് ദൈവവിശ്വാസത്തില്‍ കുത്തനെ ഇടിവുണ്ടായത്എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇവര്‍ക്കിടയില്‍ ദൈവവിശ്വാസത്തില്‍ 10 ശതമാനത്തിലേറെ കുറവുണ്ടായി. മറ്റു ചില ഉപവിഭാഗങ്ങളിലും ദൈവവിശ്വാസത്തില്‍ ചെറിയ കുറവുണ്ടായി. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതികര്‍ക്കിടയിലും വിവാഹിതര്‍ക്കിടയിലും ദൈവവിശ്വാസം കൂടുതലാണ്. പുതിയ സര്‍വേ ഫലത്തിലും ഇവരുടെ ശതമാനക്കണക്കുകളില്‍ വലിയ വ്യത്യാസമില്ല.

പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 62 ശതമാനം ലിബറലുകള്‍ മാത്രമാണ് ദൈവവിശ്വാസികള്‍. ചെറുപ്പക്കാരില്‍ 32 ശതമാനം പേരും നിരീശ്വരവാദികളാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ 72 ശതമാനം ദൈവവിശ്വാസികളുണ്ട്. കണ്‍സര്‍വേറ്റീവുകളില്‍ 94 ശതമാനമാണ് വിശ്വാസികളുടെ എണ്ണം. യുഎസ് രാഷ്ട്രീയത്തില്‍ മതം ഒരു നിര്‍ണായക ശക്തിയാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍.

Eng­lish sum­ma­ry; Belief in God plum­mets 32% of young peo­ple are athe­ists; Gallup survey

You may also like this video;

Exit mobile version