കേന്ദ്ര വഖഫ് ഭേദഗതി നിയമം അംഗീകരിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. നാളുകള്‍ നീണ്ട വിസമ്മതങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ കേന്ദ്ര വഖഫ് ഭേദഗതി നിയമം ബംഗാള്‍ അംഗീകരിക്കുന്നത്. വഖഫ് ഭേദഗതി നിയമം ബംഗാളില്‍ പ്രാബല്യത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് നേരത്തേ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഡിസംബര്‍ അഞ്ചിനകം സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. 2025‑ലെ വഖഫ് ഭേദഗതി നിയമം കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയിരുന്നു.
പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലീം ഇതുസംബന്ധിച്ച് അറിയിപ്പ്, എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും വ്യാഴാഴ്ച വൈകീട്ട് കത്തയച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ umeedminority.gov.in എന്ന കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കത്തില്‍ നല്‍കിയ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 80,000‑ത്തിലധികമുള്ള വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങള്‍ അതത് മുതവല്ലിമാര്‍ (വഖഫ് പ്രോപ്പര്‍ട്ടി മാനേജര്‍മര്‍) അപ്‌ലോഡ് ചെയ്യണം.

