പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് കല്‍ക്കട്ട ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ അഴിമതിയുണ്ടായെന്ന് ആരോപിച്ചുള്ള മൂന്ന് പരാതികളിന്മേല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കോടതി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടു. വിജയികളായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ ഈ വിവരം ധരിപ്പിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. ഈ മാസം 11നായിരുന്നു വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ദിവസം വ്യാപക അക്രമങ്ങളും അഴിമതിയും നടന്നെന്നും 50,000 ബൂത്തുകളില്‍ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ 696 ബൂത്തുകളില്‍ റീപോളിങ് നടന്നു. കൃത്രിമം നടന്നെന്ന് കാണിച്ച് പരാതിക്കാരൻ പ്രദര്‍ശിപ്പിച്ച വീഡിയോയുടെ കോപ്പി തെരഞ്ഞെടുപ്പ് കമ്മിഷൻ, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ അഭിഭാഷകര്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം തൃപ്തികരമല്ലെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും വിദഗ്ധ അഭിപ്രായം നല്‍കാൻ ഉദ്യോഗസ്ഥര്‍ ആരും ഹാജരായില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഈ മാസം 19ന് വാദം കേള്‍ക്കും. അതേസമയം സംസ്ഥാനത്ത് ഇന്നലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇതുവരെയുള്ള ഫലം അനുസരിച്ച് 34,894 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ടിഎംസി വിജയിച്ചിട്ടുണ്ട്.
english summary; Bengal local election results subject to High Court decision
you may also like this video;

