അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) വഴി സംസ്ഥാനത്തെ ഏകദേശം 58 ലക്ഷം (7.6 %) വോട്ടുകള്‍ നീക്കം ചെയ്തു. 1.6 കോടി വോട്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയോടൊപ്പമാണ് ഈ വിവരമുള്ളത്.
പിതാവിന്റെ പേരുമായി പേരുകള്‍ പൊരുത്തപ്പെടാത്ത വോട്ടര്‍മാരുടെ വിഭാഗത്തിലാണ് ഏറ്റവും കുടുതല്‍ ഒഴിവാക്കല്‍ നടന്നിരിക്കുന്നത്. 85,01,486 പേരെയാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്. മരണമടഞ്ഞവര്‍, താമസം മാറിയവര്‍, ഹാജരാകാത്തവര്‍, ഒന്നിലധികം പട്ടികയില്‍ ഇടം പിടിച്ചവര്‍ എന്നിങ്ങനെയും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ആക്സസ് ചെയ്യാൻ കഴിയുന്ന എല്ലാ ഫോമുകളും ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡാറ്റ പരിശോധിച്ചതില്‍ 1,67,45,911 വോട്ടർമാരുടെ പൊരുത്തക്കേടുകൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) മനോജ് അഗർവാൾ പറഞ്ഞു.
വംശാവലി മാപ്പിങ്ങില്‍ ആറിലധികം പേരുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ 24,21,133 പേരാണ്. 20,74,256 (2.71 %) വോട്ടർമാരുടെ പ്രായം 45 വയസിന് മുകളിലാണെങ്കിലും 2002ലെ പട്ടികയിൽ പേര് കണ്ടെത്താൻ കഴിഞ്ഞില്ല. 13,46,918 വോട്ടർമാർക്ക് (1.76 %) ലിംഗഭേദമില്ലായിരുന്നു. മാതാപിതാക്കളുമായി 15 വയസിൽ താഴെ പ്രായവ്യത്യാസമുള്ളവർ-11,95,230 (1.56 %) തൊട്ടുപിന്നാലെയുണ്ട്. 8,77,736 വോട്ടർമാർ (1.15 %) മാതാപിതാക്കളുമായി 50 വയസിൽ താഴെയുള്ള പ്രായവ്യത്യാസം കാണിച്ചിട്ടുണ്ട്. 3,29,152 പേർ (0.43 %) 40 വയസിന് താഴെയുള്ള മുത്തശ്ശനും മുത്തശ്ശിയുമായി വ്യത്യാസമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്കും വാദം കേള്‍ക്കുന്നതിനായി നോട്ടീസ് നല്‍കും.

