Site icon Janayugom Online

ബംഗാള്‍ സ്കൂള്‍ നിയമന അഴിമതി: സുപ്രീം കോടതി-ഹൈക്കോടതി ബലപരീക്ഷണം

ബംഗാള്‍ സ്കൂള്‍ നിയമന അഴിമതി കേസില്‍ സുപ്രീം കോടതി-ഹൈക്കോടതി ബലപരീക്ഷണം. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ബെഞ്ചില്‍ നിന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കല്‍ക്കട്ട ഹെെക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കിയത്.
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ വാർത്താ ചാനലിന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ അഭിമുഖം നൽകിയ സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ്. 

ജസ്റ്റിസ് ഗംഗോപാധ്യായയുടെ ചാനല്‍ അഭിമുഖത്തില്‍ കൽക്കട്ട ഹൈക്കോടതി രജിസ്ട്രാർ ജനറലിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇതനുസരിച്ച് അഭിമുഖത്തിന്റെ വിവര്‍ത്തനമടക്കം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഷേക് ബാനർജിക്കെതിരെ മുന്‍വിധിയോടെയാണ് ജഡ്ജിയുടെ നടപടികളെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ ജഡ്ജിമാർപരസ്യ അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ അഭിഷേക് ബാനര്‍ജിക്കെതിരെ അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവും സുപ്രീം കോടതി തടഞ്ഞിരുന്നു. 

അതേസമയം സുപ്രീം കോടതി നടപടിക്ക് പിന്നാലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയ മറ്റൊരു നീക്കവുമായി രംഗത്തെത്തി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും അഭിമുഖത്തിന്റെ വിവര്‍ത്തനവും ഇന്നലെ അര്‍ധരാത്രിക്കകം തനിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് ഗംഗോപാധ്യായ ആവശ്യപ്പെട്ടു. സുതാര്യത സംരക്ഷിക്കപ്പെടണമെന്ന സദുദ്ദേശ്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു. എന്നാല്‍ രാത്രിയോടെ ചേര്‍ന്ന സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിങ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. 

Eng­lish Sum­ma­ry: Ben­gal School Recruit­ment Scam: Supreme Court-High Court Force Test

You may also like this video

Exit mobile version