Site iconSite icon Janayugom Online

ബംഗാള്‍ അധ്യാപക നിയമനം: വിധി റദ്ദാക്കി ഹൈക്കോടതി

പശ്ചിമ ബംഗാളിലെ 32,000 പ്രൈമറി സ്കൂള്‍ അധ്യാപകരുടെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് തപബ്രത ചക്രവർത്തി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. എല്ലാ നിയമനങ്ങളിലും ക്രമക്കേടുകൾ ഉണ്ടെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ ഉത്തരവ് ശരിവയ്ക്കാൻ കഴിയില്ലെന്ന് ബെഞ്ച് വിലയിരുത്തി. പ്രൈമറി അധ്യാപകർ കഴിഞ്ഞ ഒമ്പത് വർഷമായി ജോലി ചെയ്യുകയാണ്. പെട്ടെന്ന് ജോലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാൽ അവരുടെ കുടുംബത്തേയും ബാധിക്കുമെന്ന് ‍ബെഞ്ച് പറ‍ഞ്ഞു.

2014ൽ അധ്യാപക യോഗ്യതാ പരീക്ഷാ (ടിഇടി) വഴിയാണ് ഇവരെ നിയമിച്ചത്. തുടര്‍ന്ന് നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്പിച്ചിരുന്നു. അന്വേഷണത്തില്‍ 264 നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു, തുടർന്ന് 96 അധ്യാപകരുടെ പേരുകൾ കൂടി ഏജൻസിയുടെ നിരീക്ഷണത്തിലായി. ഇത് കണക്കിലെടുത്ത് മുഴുവന്‍ പ്രക്രിയയും റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചിരുന്നു. 2023 മേയ് 12ന് അന്നത്തെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയുടെ സിംഗിള്‍ ബെഞ്ചാണ് 32000 അധ്യാപകരുടെ നിയമനം റദ്ദാക്കിയത്. പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Exit mobile version