Site icon Janayugom Online

മലയാളത്തെ സ്നേഹിച്ച റോക്ഷത് കാത്തിരിപ്പിനൊടുവില്‍ വിദ്യാലയത്തിലേക്ക്

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നെത്തി മലയാളത്തെ സ്നേഹിച്ച റോക്ഷത് ഖാത്തൂൻ നീണ്ട കാത്തിരിപ്പിന് ശേഷം വിദ്യാലയത്തിലേക്ക് പോകുന്നതിലുള്ള സന്തോഷത്തിൽ. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ഈ പെൺകുട്ടി മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ച റോക്ഷത് ഖാത്തൂൻ പുതിയ കൂട്ടുകാരെ ലഭിക്കുന്നതിലുള്ള സന്തോഷത്തിലുമാണ്. സർക്കാർ ജോലി നേടണം എന്ന ആഗ്രഹവുമായി മലയാളത്തെ ചേർത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് ഈ ബംഗാളി പെൺകുട്ടി. 

സ്കൂൾ ലൈബ്രറിയിൽ നിന്ന് സമയം ലഭിക്കുമ്പോൾ മലയാളം പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നെന്ന് റോക്ഷത് പറയുന്നു. എന്നാൽ മലയാള സിനിമകൾ അധികം കാണാറില്ല. ദിലീപിന്റെ സിനിമകളോടാണ് താല്പര്യം. എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചപ്പോൾ ദിലീപ് നേരിട്ട് വിളിച്ചിരുന്നെന്നും റോക്ഷത് പറഞ്ഞു. തുടക്കത്തിൽ മലയാളം മനസിലാക്കാൻ അൽപ്പം പ്രയാസമായിരുന്നു. പിന്നീട് അതും കൈവെള്ളയിലൊതുക്കി. മലയാളം നന്നായി സംസാരിക്കാൻ കഴിഞ്ഞതോടെ വായനയും എഴുത്തും വളരെ എളുപ്പമായി എന്ന് റോക്ഷത് പറയുന്നു. 

സഹപാഠികളോടും അയൽക്കാരോടും സംസാരിച്ചാണ് റോക്ഷത്ത് മലയാളം പഠിച്ചെടുത്തത്. തുടർന്ന് മലയാളം ഉൾപ്പെടെ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി റോക്ഷത് സ്കൂളിന്റെ അഭിമാനമായി. കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സ് ഗവ. എച്ച്എസ്എസിന്റെ ചരിത്രത്തിൽ മുഴുവൻ എപ്ലസ് ഗ്രേഡും നേടിയ ഒരേയൊരു വിദ്യാർത്ഥിയാണ് റോക്ഷത് എന്നതാണ് വിജയത്തിന്റെ മറ്റൊരു തിളക്കം. റോക്ഷതിന്റെ സഹോദരി നജിയ ഖാത്തൂനും ഇതേ സ്കൂളിലാണ് പഠിച്ചത്. രണ്ടു വർഷം മുമ്പ് എസ്എസ്എൽസിയ്ക്ക് ഒമ്പത് എപ്ലസ് നേടിയ നജിയ ഇപ്പോൾ പ്ലസ്ടു പൂർത്തിയാക്കി. മക്കൾ മലയാളത്തെ കീഴടക്കിയെങ്കിലും പിതാവ് റഫീഖും മാതാവ് ഝുമ ബീബിയും മലയാളം നന്നായി സംസാരിക്കാനുള്ള ശ്രമം തുടരുകയാണ്. 

മലയാളവും ഹിന്ദിയുമാണ് റോക്ഷതിന്റെ ഇഷ്ടഭാഷകൾ. പഠനത്തിൽ മാത്രമല്ല നൃത്തം, ചിത്രരചന എന്നിവയുൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ്. ഹിന്ദി കവിതാ ചൊല്ലലിലും പ്രസംഗത്തിലും ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചിരുന്നു. ജോലി തേടിയാണ് റോക്ഷതിന്റെ പിതാവ് റഫീഖ് ബംഗാളിൽ നിന്ന് കേരളത്തിലെത്തിയത്. പിന്നീട് ഇദ്ദേഹത്തോടൊപ്പം കുടുംബവും കോഴിക്കോട്ടെത്തി. കോഴിക്കോട് ചേവരമ്പലത്തെ സിഎച്ച് ഹൗസിംഗ് കോളനിയിലാണ് റോക്ഷതും കുടുംബവും താമസിക്കുന്നത്. 

Eng­lish Sum­ma­ry : ben­gali girl rok­shath goes to school in kerala

You may also like this video :

Exit mobile version