ബംഗളൂരുവിലെ വായുമലിനീകരണം രൂക്ഷമാകുന്നതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, സിഒപിഡി തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സുവർണ്ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റ് വഴി ചികിത്സ തേടിയവരുടെ എണ്ണം 2024ൽ 3,891 ആയിരുന്നത് 2025ൽ 4,187 ആയി വർദ്ധിച്ചു. സ്വകാര്യ ആശുപത്രികളിൽ ഓരോ വർഷവും പത്ത് മുതൽ പതിനഞ്ച് ശതമാനം വരെയാണ് രോഗികളുടെ വർദ്ധനവ്.
രോഗികളിൽ 70 ശതമാനത്തോളം പേരും മുൻപ് പുകവലിക്കാത്തവരോ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരോ ആണെന്നത് ഡോക്ടർമാരെ ആശങ്കയിലാഴ്ത്തുന്നു. മലിനമായ വായു ശ്വസിക്കുന്നത് വഴി ശ്വാസകോശത്തിൽ വീക്കം ഉണ്ടാവുകയും ഇത് അണുബാധകളിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികളിലും യുവാക്കളിലുമാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ശൈത്യകാലത്തും ദീപാവലി സമയത്തും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായും ആരോഗ്യവിദഗ്ധർ നിരീക്ഷിക്കുന്നു. ഇരുചക്ര വാഹനങ്ങളിലും ഓട്ടോയിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും വീടിനുള്ളിലെ വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

