ബംഗളൂരരുവിൽ നാലുവയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സ്കൂൾ പ്രിസിപ്പലായ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
കുട്ടിയുടെ മരണത്തിൽ സ്‌കൂളിലെ ആയയ്ക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള മാതാപിതാക്കളുടെ ആവശ്യത്തിന് പിന്നാലെ ആയിരുന്നു സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ ചികിത്സയിലായിരുന്ന ജിയന്ന ആൻ ജിറ്റോ എന്ന നാലുവയസുകാരി മരിച്ചത്. കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകളാണ് ജിയന്ന.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാലുവയസുകാരി ജിയന്നയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. കുട്ടി ഛർദ്ദിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെത്തിയ മാതാപിതാക്കൾ കുട്ടി ഗുരുതര പരിക്കേറ്റ നിലയിലാണ് കണ്ടത്. എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് സ്കൂൾ അധികൃതർ മറച്ചുവെച്ചു, ഇതോടെ ചികിത്സ നൽകാനും വൈകി. മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തുന്നത്. പരിശോധനയിലാണ് ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കുട്ടിയുടെ തല തകർന്നതായി കണ്ടെത്തിയത്. വൈകാതെ ബോധം നഷ്ടമായ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണവും സംഭവിച്ചു.
കുട്ടി വീണ വിവരം സ്കൂൾ അധികൃതർ കൃത്യമായി അറിയിച്ചിരുന്നുവെങ്കിൽ കൃത്യമായ ചികിത്സ നൽകാൻ കഴിയുമായിരുന്നു. കുട്ടി അബോധാവസ്ഥയിലായതോടെ പ്രിൻസിപ്പലും മുങ്ങി, ഇതോടെ സംശയം ഇരട്ടിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
English Summary: bengaluru school kid death case filed against principal
You may also like this video