യുവഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു കണ്ടെത്തല്‍. സംഭവത്തില്‍ ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അമിത അളവില്‍ അനസ്തീഷ്യ മരുന്ന് കുത്തിവച്ചാണ് ഡോ. കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃതിക മരിച്ച് ആറുമാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കേസില്‍ ഏപ്രില്‍ 21നായിരുന്നു സംഭവം. ചര്‍മരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൃതികയെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്തിരുന്നു. ഇരുവരും കഴിഞ്ഞവര്‍ഷം മേയിലാണ് വിവാഹിതരായത്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ഇൻജക്‌ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇതിൽ നിന്നാണ് പ്രൊപോഫോൾ എന്ന ശക്തിയേറിയ അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍ കൃതികയുടെ രക്ഷിതാക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. അതേസമയം കൊലചെയ്യാനുള്ള കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തില്‍ എന്തെന്നാണെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഡോ. മഹേന്ദ്രയെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
അനസ്തീഷ്യ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, ഡോക്ടറായ ഭർത്താവിനെ ആരും സംശയിച്ചില്ല, പിന്നാലെ അറസ്റ്റ്

