Site iconSite icon Janayugom Online

ബെറ്റർ മാൻ ദൃശ്യഭാഷയിലെ സർഗാത്മക സൗന്ദര്യം

55ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രത്തിന്റെ ഉദ്ഘാടന ചിത്രമാണ് ബറ്റർ മാൻ. ഒരു പരീക്ഷണ ചിത്രമാണിത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച മ്യൂസിക്കൽ ബയോപിക്കാണ് ഇം​ഗ്ലീഷ് ചിത്രമായ ബെറ്റർ മാൻ. സിനിമയുടെ നിലവിലുള്ള സമീപനങ്ങളിൽ നിന്നെല്ലാം വ്യത്യസ്ത ചിത്രമാണിത്.

കാഴ്ചയിലെ പുതുമ
******************
സംഗീതസാന്ദ്രമായ ഈ ചിത്രം വ്യക്തി ജീവതത്തെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടീഷ് പോപ് ഗായകൻ റോബി വില്യംസിനെക്കുറിച്ചുള്ള 2024 ലെ അർധ ജീവചരിത്ര ചിത്രമാണ് ബെറ്റർ മാൻ. ഇതിന്റെ സഹ-രചനയും സഹനിർമ്മാണവും സംവിധാനവും നിർവഹിച്ചത് ആസ്ത്രേലിയൻ സംവിധായകനായ മൈക്കൽ ഗ്രേസിയാണ്. മോഷൻ ക്യാപ്‌ചർ ഉപയോഗിച്ച് ജോണോ ഡേവിസ് അവതരിപ്പിച്ച ഒരു ചിമ്പാൻസിയായി വില്യംസിനെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് മുഖ്യ സവിശേഷത. ചിമ്പാൻസിയുടെ രൂപത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജീവചരിത്ര സംബന്ധിയായ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് മൗലികമായ ചിന്തകളെ ഉണർത്തുന്ന വിധമാണ്. പോപ്പ് ഗായകൻ റോബി വില്യംസിന്റെ ജീവിതകഥ ചിത്രം പറയുന്നു. എന്നാൽ വില്യംസിനെ ഒരു ചിമ്പാൻസിയായി ചിത്രീകരിച്ചിരിക്കുന്നു. കാരണം അദ്ദേഹം ഒരിക്കൽ പറഞ്ഞതുപോലെ, മറ്റുള്ളവരെ അപേക്ഷിച്ച് അദ്ദേഹത്തിന് എല്ലായ്പ്പോഴും ‘പരിണാമം കുറവായിരുന്നു.’ ചിമ്പാൻസിയുടെ രൂപമുള്ള മുഖ്യകഥാപാത്രത്തിന്റെ രംഗപ്രവേശത്തിന് തീർച്ചയായും ചിത്രത്തിൽ സാംഗത്യമുണ്ട്. പരിണാമ വിധേയനല്ലാത്ത വ്യക്തി എന്ന നിലയിൽ ചിമ്പാൻസിയുടെ രൂപം ഇവിടെ പ്രസക്തമാണ്.

സംഗീതസാന്ദ്രം ഈ ജീവിതം
*****************************
ഒരു ആക്ഷേപഹാസ്യ സംഗീതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം റോബി വില്യംസിന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലൂടെ ജനപ്രിയ സംഗീതമായ കോംബോ ടേക്ക് ദാറ്റിലെ ആദ്യ വിജയം മുതൽ മൂന്ന് പതിറ്റാണ്ട് നീണ്ട താരപരിവേഷം ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ ‘പുനർവ്യാഖ്യാനം ചെയ്യാനും പുനഃക്രമീകരിക്കാനും’ ശ്രമിച്ചിട്ടുണ്ട്.
റോബർട്ട് പീറ്റർ വില്യംസ് ജനിച്ചത് 1974 ൽ ആണ്. ഒരു ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ഇദ്ദേഹം 1990 മുതൽ 1995 വരെ പോപ്പ് ഗ്രൂപ്പായ ടേക്ക് ദാറ്റിലെ അംഗമായിരുന്നു. 1996 ൽ റോബി വില്യംസ് തന്റെ സോളോ കരിയർ ആരംഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ലൈഫ് ത്രൂ എ ലെൻസ് 1997ലാണ് ഇറങ്ങിയത്. രണ്ടാമത്തെ ആൽബം, ഐ ഹാവ് ബീൻ എക്‌സ്‌പെക്‌റ്റിങ് യു, “മില്ലേനിയം,” “ഷീ ഈസ് ദ വൺ” എന്നീ ഗാനങ്ങൾ അവതരിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ 14 സ്റ്റുഡിയോ ആൽബങ്ങളിൽ ഒന്നൊഴികെ എല്ലാം യുകെയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആറ് ആൽബങ്ങൾ യുകെയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 100 ആൽബങ്ങളിൽ ഉൾപ്പെടുന്നു. അവയിൽ രണ്ടെണ്ണം മികച്ച 60ൽ ഇടംപിടിച്ചു. 2006ൽ ക്ലോസ് എൻകൗണ്ടേഴ്‌സ് ടൂറിനിടെ ഒരു ദിവസം 1.6 ദശലക്ഷം ടിക്കറ്റുകൾ വിറ്റതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇത്തരം വസ്തുതകളെല്ലാം ധ്വന്യാത്മകമായി ചിത്രീകരിക്കുന്നു. ഇവിടെയെല്ലാം വൈകാരികതയും മാസ്മരികമായ അന്തരീക്ഷവും സൃഷ്ടിച്ചു കൊണ്ട് പരമാവധി കാഴ്ചയുടെതായ മികവിനെ അടയാളപ്പെടുത്തുന്നു.

വ്യക്തിയും ജീവിതവും
*********************
റോബിയെ ലോകം എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചല്ല, മറിച്ച് റോബി സ്വയം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചാണ് ഈ സിനിമ. പ്രദർശനത്തിനു മുമ്പുള്ള പ്രസംഗത്തിൽ പ്രൊഡ്യൂസർ പോൾ ക്യൂറി പറയുന്നത് ചിത്രത്തിന്റെ വ്യത്യസ്തമായ ആവിഷ്കാരത്തെയാണ്. വ്യക്തിജീവിതത്തിന്റെ പരിസരങ്ങളെ തന്മയത്തോടെ ആവിഷകരിക്കുമ്പോൾ ചിത്രത്തിൽ പരാമർശിക്കുന്ന വ്യക്തിയെപ്പറ്റി ലോകം എങ്ങനെ ചിന്തിക്കുന്നു എന്ന പശ്ചാത്തലമായിരിക്കും സ്വീകരിക്കുന്നത്. പകരം ഇവിടെ വിപരീത ദിശയിലുള്ള സഞ്ചാരമാണ് നടത്തുന്നത്. ആരുടെ ജീവചരിത്രമാണോ പറയുന്നത് അയാളിലേക്ക് മാത്രമായി ഒതുക്കി നിർത്തി ലോകബോധം സൃഷ്ടിച്ചെടുക്കുകയാണ് ചിത്രം.

മായിക പ്രപഞ്ചം
*****************
‘ബെറ്റർ മാൻ’ എന്ന ചിത്രം സംഗീതവുമായി നല്ലബന്ധം പുലർത്തുന്ന ജീവചരിത്രമാണ്. സംഗീത നിശകളിലെ ഉജ്വലപ്രകടനങ്ങൾ റോബി വില്യംസിന്റെ സവിശേഷതയാണ്.
അദ്ദേഹത്തിന്റെ തന്നെ കാഴ്ചപ്പാടിലൂടെ അതുല്യമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റോബി വില്യംസിന്റെ പൊതു വ്യക്തിത്വത്തിന്റെയും സ്വകാര്യ പോരാട്ടങ്ങളുടെയും വിവിധ ഭാവങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉള്ളടക്കത്തെ ആലേഖനം ചെയ്യുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.
റോബിയുടെ കാഴ്ചപ്പാടിലൂടെ അതുല്യമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ തനതായ നർമ്മവും അടങ്ങാത്ത അഭിനിവേശവും ഉൾക്കൊള്ളുന്നതാണ്. കുട്ടിക്കാലത്ത് ‘ടേക്ക് ദാറ്റ്’ എന്ന ഒന്നാം നിര ബോയ്‌ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായതു മുതൽ അതിശയിപ്പിക്കുന്ന കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്തനേട്ടങ്ങളിലൂടെയുള്ള യാത്ര — ഉടനീളം വെല്ലുവിളികളെ നേരിട്ടുകൊണ്ട് വലിയ പ്രശസ്തിയിലേക്കും വിജയത്തിലേക്ക് എത്തിച്ച യാത്ര ഉൾപ്പെടെ ചിത്രത്തിൽ പ്രദിപാദിച്ചിരിക്കുന്നു. അവതരണത്തിന്റെ മികവുകൊണ്ട് സിനിമ മായിക പ്രപഞ്ചം തന്നെയാണ് സൃഷ്ടിക്കുന്നത്.

സിനിമയും യാഥാർത്ഥ്യവും
************************
ഒരു ഡിജിറ്റൽ കുരങ്ങിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുമ്പോൾ അസ്വാഭാവികമായി തോന്നുമെങ്കിലും, ബ്രിട്ടീഷ് പോപ്പ് ഗായകൻ റോബി വില്യംസിന്റെ ജീവിതത്തെ സമഗ്രമായി കണ്ടെത്തുന്നതിനാൽ കഥയ്ക്ക് യാഥാർത്ഥ്യവുമായി നല്ല ബന്ധമുണ്ട്.
കേൾക്കുമ്പോൾ ഉപരിപ്ലവമായി തോന്നുമെങ്കിലും സംവിധായകൻ മൈക്കൽ ഗ്രേസി, തന്റെ ഒരു അഭിമുഖത്തിൽ, റോബിയോട് കുരങ്ങനാണെങ്കിൽ എങ്ങനെ കാണും എന്ന് ചോദിച്ചപ്പോഴാണ് ഈ ആശയത്തിന് അന്തിമരൂപമായത്. ആശയം രൂപപ്പെട്ടെങ്കിലും അത് യാഥാർത്ഥ്യമാകുവാൻ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നു.
യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, മിക്ക സ്റ്റുഡിയോകളും സിനിമ വാങ്ങാൻ മടിച്ചു. അതിൽ ഉടനീളം ഒരു കുരങ്ങൻ ഉണ്ടായിരുന്നു. കുരങ്ങ് ഭാഗികമായി പ്രത്യക്ഷപ്പെടുമെന്ന് കരുതി പലരും ആദ്യം ഇരുന്നു കേൾക്കും. എന്നിരുന്നാലും, ഇതൊരു മുഴുനീള വേഷമാണെന്ന് അവർ മനസിലാക്കിയപ്പോൾ, അവർ മീറ്റിംഗ് അവസാനിപ്പിക്കും. മൈക്കൽ പറഞ്ഞു നിറുത്തി.

പരീക്ഷണത്തിന്റെ സൗന്ദര്യം
**************************
ഐഎഫ്എഫ്ഐയിൽ പങ്കെടുത്ത നിർമ്മാതാവ് പോൾ ക്യൂറി തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ”സത്യസന്ധതയോടെയും ഒരു സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ”റോബി വില്യംസിനെപ്പോലുള്ള ഒരു ഐക്കണിനെ ഒരു കുരങ്ങായി ചിത്രീകരിക്കുക, മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു മനുഷ്യനല്ലാത്ത കഥാപാത്രം, അസംബന്ധവും അപകടകരവുമാണ്. എന്നാൽ ഞങ്ങൾ ആ റിസ്ക് എടുത്ത് അസാധാരണമായ ഒന്ന് സൃഷ്ടിച്ചു. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ, ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്നു.

ചിത്രീകരണവും വെല്ലുവിളികളും
*******************************
ലണ്ടനിലെ റീജന്റ് സ്ട്രീറ്റിൽ ചിത്രീകരിച്ച ആഡംബര നൃത്ത സീക്വൻസ് ചിത്രീകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമായെന്ന് നിർമ്മാതാവ് പറയുന്നു. ”എല്ലാവരും ഒരു സ്റ്റുഡിയോയിൽ സീക്വൻസിനായി റിഹേഴ്സൽ ചെയ്തു, അതിനാൽ ഞങ്ങൾക്ക് റീജന്റ് സ്ട്രീറ്റിൽ ഷൂട്ട് ചെയ്യാം. എന്നിരുന്നാലും, ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, എലിസബത്ത് രാജ്ഞി അന്തരിച്ചു. അന്ന് ലണ്ടനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരുന്നു. വീണ്ടും അനുമതി ലഭിക്കാൻ ഞങ്ങൾക്ക് നിരവധി മാസങ്ങൾ, ഏകദേശം ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഇതിന് ഞങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ ചിലവായി.” സെഷനിൽ ക്യൂറി പറഞ്ഞു.
ആദ്യ ദിവസങ്ങളിൽ മിക്ക സ്റ്റുഡിയോകൾക്കും ഈ പ്രോജക്ടിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ‘ബെറ്റർ മാൻ’ എന്നതിനായുള്ള പണം സ്വതന്ത്രമായി കണ്ടെത്തി. ടീം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയും സിനിമയ്ക്കായി ഫണ്ട് ശേഖരിക്കുന്നതിനായി റോബി ലോകമെമ്പാടുമുള്ള ഗാന കച്ചേരികൾ പ്രഖ്യാപിക്കുകയും ചെയ്തു. ജോണോ ഡേവീസ്, കേറ്റ് മൾവാനി, അലിസൺ സ്റ്റെഡ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പാരാമൗണ്ട് സ്റ്റുഡിയോസ് ഈ പ്രോജക്ടിനെ പിന്തുണയ്ക്കുന്നു, സമീപഭാവിയിൽ ഓസ്‌കാർ നിർദ്ദേശത്തിന് സാധ്യതയുള്ള ചിത്രം കൂടിയാകും ഇത്.

Exit mobile version