Site icon Janayugom Online

ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പോളിങ്

ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പോളിങ്. മധ്യപ്രദേശിലെ ഖണ്ഡ്വ ലോക്‌സഭാ മണ്ഡലത്തില്‍ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍ 75.51 ശതമാനം പോളിങും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ 54.57 ശതമാനവും വോട്ട് രേഖപ്പെടുത്തി. നവംബര്‍ രണ്ടിനാണ് വോട്ടെണ്ണല്‍. 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിഹാറിലൊഴികെ മികച്ച പ്രതികരണമാണ് ഉണ്ടായത്. ആറ് സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളില്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അസമില്‍ 73.38 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. 

നാല് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 70.47ശതമാനം പോളിങ് രേഖപ്പെടുത്തി. ദിന്‍ഹതയില്‍ 69.32 ശതമാനവും ശാന്തിപൂരില്‍ 77.18 ശതമാനവും ഗോസാബയില്‍ 75.07 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഖര്‍ഡഹയില്‍ 63.37 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് മണ്ഡലങ്ങളില്‍ വീതം ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ 63.02 ശതമാനവും ഹിമാചല്‍ പ്രദേശില്‍ 64.88 ശതമാനവും മേഘാലയയില്‍ 80.62 ശതമാനവും വോട്ട് രേഖപ്പെടുത്തി. 

കര്‍ണാടകയിലെ സിന്ദ്ഗിയില്‍ 64.6 ശതമാനവും ഹംഗലില്‍ 77.72 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. കുശ്വേശ്വര്‍ ആസ്ഥാനില്‍ 49.60 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ താരാപൂരില്‍ 50.05 ശതമാനമാണ് രേഖപ്പെടുത്തിയത്. കൂടാതെ രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലും ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കും ഇന്നലെ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

ENGLISH SUMMARY:Better polling in by-elections
You may also like this video

Exit mobile version