Site icon Janayugom Online

ജവാന്‍ റമ്മിന്റെ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന് ബവ്റിജസ്; മദ്യം ചില്ലുകുപ്പിയിലേക്ക് മാറ്റും

ജവാൻ റമ്മിന്റെ ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നും ആവസ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി. സർക്കാർ അനുകൂല നിലപാടായതിനാൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാന്റെ ഉൽപ്പാദകർ. ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല. 6 ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബവ്കോയുടെ ആവശ്യം. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനിൽ 27 താൽക്കാലിക ജീവനക്കാർ എന്ന നിലയിൽ ആറു ലൈനുകളിലായി 160ൽ അധികം ജീവനക്കാർ വേണ്ടിവരും. ഇതിനുപുറമേ, കമ്പനിക്കു മേൽനോട്ടക്കാരെ അടക്കം പുതിയ ജീവനക്കാരെ അധികമായി നിയമിക്കേണ്ടി വരും. നിലവിലുള്ള ടാങ്കിന്റെ ശേഷി കൂട്ടി 6 ബ്ലെൻഡിങ് ടാങ്കുകൾ പുതുതായി സ്ഥാപിക്കണം. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. ജവാൻ റം പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് ചില്ലുകുപ്പിയിലേക്കു മാറ്റാൻ കമ്പനി ടെൻഡർ വിളിച്ചിട്ടുണ്ട്. സർക്കാർ പലതവണ ചർച്ചകൾ നടത്തിയിട്ടും മലബാർ ഡിസ്റ്റലറീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല.

Eng­lish Sum­ma­ry: Bev­er­ages wants to increase pro­duc­tion of Jawan rum

You may like this video also

Exit mobile version