മൂവാറ്റുപുഴ റിയല്‍വ്യൂ കമ്മ്യൂണിക്കേഷന്‍സ് ഇന്നലെ സിപിഐ സമ്മേളനവേദിയായ കടപ്പുറത്തെ അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ അവതരിപ്പിച്ച തോപ്പില്‍ ഭാസിയുടെ ഷെല്‍റ്റര്‍ നാടകത്തിലെ നടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്തിനും കലാകാരിയും കൊല്ലം സ്വദേശിനിയുമായ ചിഞ്ചുവിനും നാടകവേദിയില്‍ പ്രണയസാഫല്യം. ഏറെക്കാലമായി പ്രണയം കാത്തുസൂക്ഷിക്കുന്ന പ്രശാന്ത് തൃക്കളത്തൂര്‍ തന്റെ വിവാഹത്തിന് തെരഞ്ഞെടുത്തത് ആലപ്പുഴ കടപ്പുറത്തെ സിപിഐ സമ്മേളന വേദിയായിരുന്നു. ചിഞ്ചുവിനെ എന്നപോലെ ഷെല്‍റ്ററിനെയും അതിയായി പ്രണയിക്കുന്നതുകൊണ്ടാണ് ഈ വേദി തന്നെ തെരഞ്ഞെടുത്തതെന്ന് വരന്‍ പറഞ്ഞു. ഇരുവരും നാടക കലാകാരന്മാരുടെ സാന്നിധ്യത്തില്‍ ചുവന്നമാല അണിയിച്ച് ഒന്നായെങ്കിലും വിവാഹവും ഇതര ചടങ്ങുകളും നാളെ മൂവാറ്റുപുഴയ്ക്കടുത്ത തൃക്കളത്തൂരില്‍ വച്ചാണ് നടത്തുക.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആലപ്പുഴ ബീച്ചിലെ ‘ഷെല്‍റ്റര്‍’ അവതരണത്തിന് ശേഷമായിരുന്നു ഇരുവരും മാല ചാര്‍ത്തിയത്. ചലച്ചിത്ര അക്കാദമി അംഗവും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായ എന്‍ അരുണാണ് നാടകം അണിയിച്ചൊരുക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ഉള്‍പ്പെടെയുള്ളവര്‍ സദസിലുണ്ടായിരുന്നു.

