Site iconSite icon Janayugom Online

ബേപ്പൂര്‍ കപ്പൽ അപകടം; കണ്ടെയ്‌നറുകളിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ

കോഴിക്കോട് തീരത്തുനിന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലിൽ അതീവ സ്ഫോടന സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. നാല് പേരെ കാണാനില്ല. കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്‌വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. 

കപ്പലിലെ തീ പൂർണമായി അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. കപ്പലിൻ്റെ താഴത്തെ ഡെക്കിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ന്യൂ മാംഗ്ലൂരിൽ നിന്നുള്ള ഐസിജിഎസ് രാജ്‌ദൂത്, കൊച്ചിയിൽ നിന്നുള്ള ഐസിജിഎസ് അർൺവേഷ്, അഗത്തിയിൽ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളെ സഹായത്തിനായി തിരിച്ചുവിട്ടതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ അടിയന്തര ചികിത്സ ലഭ്യമാക്കാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നിലവില്‍ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.

Exit mobile version