ന്യൂനപക്ഷ മത പണ്ഡിതന്മാരെ തടവിലിടുകയും ജുമാ മസ്ജിദുകള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. സർക്കാർ സ്കൂളുകളിൽ ഭജന അടിച്ചേൽപ്പിക്കുകയാണെന്ന് മെഹബൂബ പറഞ്ഞു. ദക്ഷിണ കശ്മീരിലെ ദംഹാൽ ഹൻജിപോറയിലെ സർക്കാർ സ്കൂളില്‍ കുട്ടികള്‍ ഭജന പാടുന്ന ഒരു വീഡിയോയും മുന്‍ മുഖ്യമന്ത്രി പങ്കുവച്ചു.
സംഭവത്തെ അപലപിച്ച പിഡിപി നേതാവ്, താഴ്‌വരയിൽ മുസ്‍ലിം പണ്ഡിതന്മാർക്കും നേതാക്കൾക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തലുകൾക്കിടയിൽ ഭരണകൂടം ഒരു പ്രത്യേക അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചു. കേന്ദ്ര ഭരണാധികാരികൾ മേഖലയിലെ വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണവുമായി നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദാറും രംഗത്തെത്തി.
മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായിട്ടും ജമ്മുകശ്മീരിലെ ജനങ്ങൾ പാകിസ്ഥാനെക്കാൾ ഇന്ത്യയെ തെരഞ്ഞെടുത്തത് മതവിശ്വാസത്തിനുള്ള അവകാശം സംരക്ഷിക്കുമെന്ന് വിശ്വസിച്ചതുകൊണ്ടാണെന്ന് മെഹബൂബ പറഞ്ഞു. നിർഭാഗ്യവശാൽ ബിജെപി സർക്കാർ ജനങ്ങളുടെ ഐഡന്റിറ്റി ഇല്ലാതാക്കുകയാണ്. 2019 മുതൽ ജുമാ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്. മത നേതാക്കളെ അവരുടെ പഴയകാല വീഡിയോകളുടെ പേരില്‍ ജയിലിൽ അടച്ചു. മുസ്‍ലിം കുട്ടികളെ സ്കൂളിൽ ഭജന പാടാൻ നിർബന്ധിക്കുന്നത് അനുവദിച്ചുകൂടെന്നും മെഹബൂബ പറഞ്ഞു.
അതേസമയം മെഹബൂബ മുഫ്തിയുടെ ആരോപണങ്ങള്‍ ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് തള്ളി. സ്കൂളുകളിൽ ഭജനകൾ പാടണമെന്ന് കുട്ടികളോട് നിർദ്ദേശിച്ചത് ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാഷ്ട്രപിതാവിന്റെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രഘുപതി രാഘവ് എന്ന ഗാനമാണ് വിദ്യാർത്ഥികൾ ആലപിച്ചത്. ദണ്ഡിയാത്രയിൽ ആവേശം പകരാനായി ഗാന്ധിജി തിരഞ്ഞെടുത്ത ഭജനാണ് ഇതെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
English Summary:Bhajan in Kashmir schools: Leaders with criticism
You may also like this video