ജനങ്ങളെ ഭിന്നിപ്പിക്കുകയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ബിജെപിയുടെ നയങ്ങള്‍ക്കെതിരെയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ കേരളത്തില്‍ ‘വഴി തെറ്റിക്കാന്‍’ തീരുമാനമെടുത്ത് കെപിസിസി നേതൃത്വവും കേരളത്തില്‍ നിന്നുള്ള ദേശീയ നേതാക്കളും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ നടപ്പാക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകര്‍ക്കുകയും ചെയ്യുന്ന ബിജെപിയുടെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, ബിജെപിക്കെതിരെ മൃദു സമീപനം സ്വീകരിച്ചുകൊണ്ടും പല അവസരങ്ങളിലും ബിജെപിക്കൊപ്പം ചേര്‍ന്നുകൊണ്ടും മുന്നോട്ടുപോകുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിന് വഴങ്ങുന്നില്ലെന്നതിന്റെ സൂചനകളാണ് യാത്രയുടെ പ്രഖ്യാപനസമയം മുതല്‍ പുറത്തുവന്നുകൊണ്ടിരുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളോടൊപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണ പരാജയവും സ്വജനപക്ഷപാതവും അഴിമതിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെപിസിസി ഉയർത്തിക്കാട്ടുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്ന അഭിപ്രായങ്ങളും പ്രസംഗങ്ങളും തന്നെയാണ് സംസ്ഥാനത്തെ യാത്രാപര്യടനത്തിന്റെ ആദ്യദിനമായ ഇന്നലെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. സിപിഐ(എം) പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുകയാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ അഭിപ്രായപ്പെട്ടത്. രാജ്യമെങ്ങും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന വിഷയത്തില്‍ വാളയാറിനപ്പുറത്തുള്ളതില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. വ്യാജ ആരോപണങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളുടെ പേരില്‍ കേരളത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കെപിസിസി നേതൃത്വം മുന്‍ ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള യാത്രയുടെ ബിജെപിക്കെതിരെയെന്ന പ്രഖ്യാപിത ലക്ഷ്യത്തെയും വഴി മാറ്റി, ഇടതുപക്ഷത്തിനെതിരെയാക്കുകയാണെന്നാണ് വ്യക്തമാകുന്നത്.
English Summary:Bharat Jodo Yatra ‘misguided’ by KPCC in Kerala
You may also like this video