രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പേരിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് തുടരുന്നു. കഴിഞ്ഞദിവസം ക്രെെസ്തവ പുരോഹിതൻ ജോർജ് പൊന്നയ്യയുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ വിവാദ വിഷയം.
രാഹുലിന്റെയും ജോർജ് പൊന്നയ്യയുടെയും വീഡിയോ ട്വിറ്ററിൽ പങ്കുവച്ച ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ഭാരത് ‘ടോഡോ’ ഐക്കണുകളുമായാണോ ഭാരത് ജോഡോയിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗത്തിന് മുമ്പ് അറസ്റ്റിലായ പുരോഹിതനാണ് ജോർജ് പൊന്നയ്യ. ‘ശക്തിസങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമായി യേശു ഒരു യഥാർത്ഥ ദൈവമാണ്’ എന്ന് പുരോഹിതൻ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഇതാണ് ബിജെപി വിവാദമാക്കിയിരിക്കുന്നത്.
എന്നാൽ ഓഡിയോ കൃത്രിമമാണെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. യാത്രയുടെ വിജയത്തെ ഭയന്ന് ബിജെപിയുടെ ‘വിദ്വേഷ ഫാക്ടറി’ പ്രവർത്തനം തുടങ്ങിയെന്ന് കോൺഗ്രസ് ആരോപിച്ചു. ‘ബിജെപിയുടെ വിദ്വേഷ ഫാക്ടറിയിൽ നിന്നുള്ള ക്രൂരമായ ഒരു ട്വീറ്റ് പ്രചരിക്കുകയാണ്. ഓഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല’ എന്ന് ജയറാം രമേശ് എംപി ട്വീറ്റ് ചെയ്തു.
അതിനിടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കൂ എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. തന്റെ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ 1050 രൂപ മുതൽ 2205 രൂപ വരെ ഡീസലിന് ലാഭിക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചായിരുന്നു ബിജെപിയുടെ സമൂഹ മാധ്യമ ക്യാമ്പയിൻ. യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നായിരുന്നു ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോഡിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലേക്ക് പ്രവേശിക്കും. രാവിലെ പാറശാലയിലെത്തുന്ന യാത്ര 19 ദിവസം സംസ്ഥാനത്ത് പര്യടനം നടത്തും.
English Summary: Bharat Jodo Yatra without controversies
You may like this video also