Site icon Janayugom Online

നേതാക്കള്‍ പല വഴിക്ക് : ജോഡോ യാത്ര പെരുവഴിയില്‍

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തിൽ അടിമുടി പിഴവ്. നേതാക്കൾ തമ്മിൽ കൂടിയാലോചനയില്ലാതെ ചിലരുടെ താൽപ്പര്യം മാത്രമാണ് യാത്രയിൽ സംരക്ഷിക്കുന്നതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമായി. ഇന്നലെ രാവിലെ 6.30ന് അറവുകാട് നിന്നാണ് ജാഥ ആരംഭിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ എത്തുകയും ചെയ്തു. എന്നാൽ ഇവർ പോലും അറിയാതെ മറ്റൊരു കേന്ദ്രമായ കപ്പക്കടയിൽ നിന്നും ജാഥ ആരംഭിച്ചു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതാക്കളോട് കയർത്തു.

ഇന്നലെ രാവിലെ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചായയും ചർച്ചയും പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കനയ്യകുമാർ, ഷാഫി പറമ്പിൽ എംഎൽഎ, ചലച്ചിത്രതാരം രവീന്ദ്രൻ എന്നിവരടക്കമുള്ളവർ അവിടെ എത്തുകയും ചെയ്തു. എന്നാൽ രാഹുൽഗാന്ധി ചടങ്ങിൽ പങ്കെടുക്കാതെ മറ്റൊരു പരിപാടിയിലേയ്ക്ക് പോയി. രാഹുൽഗാന്ധി വരില്ലെന്ന് അറിയിച്ചതോടെ നേതാക്കൾ തമ്മിൽ തർക്കവും രൂക്ഷമായി. ആലപ്പുഴ ജില്ലയിൽ പ്രവർത്തകരും നേതാക്കളുമൊഴികെ പൊതുജനങ്ങളെ പദയാത്രയിലേയ്ക്ക് ആകർഷിക്കുവാൻ കഴിഞ്ഞില്ല. നേതാക്കൾ ഒന്നിച്ച് മാധ്യമങ്ങളെ കാണാതെ വാർത്താസമ്മേളനം മത്സരിച്ച് നടത്തിയതും ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇന്നലെ ആദ്യം മാധ്യമങ്ങളെ കണ്ടത്. തൊട്ടുപിന്നാലെ തന്നെ രമേശ് ചെന്നിത്തല എംഎൽഎയും കെ സി വേണുഗോപാൽ എംപിയും വിവിധ കേന്ദ്രങ്ങളിൽ മാധ്യമങ്ങളെ കാണുമെന്ന അറിയിപ്പും സ്വരചേര്‍ച്ചയില്ലായ്മയുടെ തെളിവായി.

വഴിയാത്രക്കാരന്റെയും പോക്കറ്റടിച്ചു

ആലപ്പുഴ: ജോഡോ യാത്രയ്ക്കിടയിൽപെട്ടയാളുടെ പോക്കറ്റടിച്ചു. വണ്ടാനം ഗുരുപ്രിയയിൽ എം മധുവിന്റെ പഴ്സാണ് യാത്രയ്ക്കിടയിൽ കുടുങ്ങിയപ്പോൾ നഷ്ടമായത്. വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിൽ കൂടി യാത്ര കടന്നുപോയപ്പോൾ തിരക്കിൽപെട്ട് മധു കുടുങ്ങി. ഇതിന് ശേഷം പോക്കറ്റ് പരിശോധിച്ചപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിയുന്നത്. പണം കൂടാതെ ആധാർകാർഡ്, പാൻകാർഡ്, എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളും പഴ്സിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: bharat jodo yatra
You may also like this video

Exit mobile version