Site icon Janayugom Online

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാരത് ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഭാരത് ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാമിന് (ഭാരത് എന്‍സിഎപി) അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗ്ലോബര്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. ഗ്ലോബര്‍ എന്‍— ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമായിരിക്കും ഭാരത് എന്‍സിഎപിയുടെ പ്രോട്ടോകോളുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ ഇന്‍-ഹൗസ് ടെസ്റ്റിങ്ങ് സൗകര്യങ്ങളില്‍ പരീക്ഷിക്കാനുള്ള അനുമതി ഇതുവഴി ഉറപ്പാക്കുന്നുണ്ട്. ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ്ങ് നല്‍കുന്നതിലൂടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളും ഉറപ്പാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

വിദേശ രാജ്യങ്ങളില്‍ നടക്കുന്നത് പോലെ വാഹനങ്ങളുടെ ഈടും കരുത്തും ഉറപ്പാക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റ് ഇന്ത്യയിലും നടത്തുമെന്ന് 2016‑ല്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളെ അറിയിച്ചിരുന്നു. ഇത് വാഹന നിര്‍മാതാക്കള്‍ തന്നെ നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ആശയം പ്രാവര്‍ത്തികമാകാതെ പോകുകയായിരുന്നു. എസ്‌യുവി പോലെ ഏഴ് പേര്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമായും നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെയാണ് വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. വരും മാസങ്ങളില്‍ ഇത് നിര്‍ബന്ധമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Bharat New Car Assess­ment Pro­gram to ensure vehi­cle safety

You may also like this video;

Exit mobile version