Site icon Janayugom Online

സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദ് ഇന്ത്യാ ചരിത്രത്തില്‍പുതിയ അധ്യായം കുറിയ്ക്കും

2021 സെപ്റ്റംബര്‍ 27 ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രധാന്യമുള്ള ദിനങ്ങളിലൊന്നാകും. നരേന്ദ്രമോഡിയുടെ നേതൃതത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് രാജ്യം ഒന്നാകെ പ്രതിഷേധമായി ബന്ദ് ആചരിക്കുന്നു. ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും.സെപ്റ്റംബർ 27 ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാനുള്ള അഭ്യർത്ഥന കർഷക പ്രക്ഷോഭത്തെ പുതിയ തലങ്ങളിലെത്തിക്കുമെന്നുറപ്പാണ്. ഇന്ത്യയിലെ കർഷകർക്കൊപ്പം അണിനിരക്കാൻ ദശലക്ഷങ്ങള്‍ തയ്യാറായിരിക്കുന്നു.നവീന ഇന്ത്യയുടെ പോരാട്ട ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിയ ധീരരായ പോരാളികളായി അവർ സ്വയം തെളിയിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലുതും ദൈർഘ്യമേറിയതുമാണ് കർഷക പോരാട്ടം. വലിയ ജനപങ്കാളിത്തത്തോടെയുള്ള കർഷകരുടെ പോരാട്ടം എല്ലാ അർത്ഥത്തിലും ചരിത്രത്തിൽ സ്ഥാനം പിടിച്ചു.കർഷക പോരാട്ടത്തിന്റെ വർഗ ഉള്ളടക്കം അതിനെ വേറിട്ടതാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച നേട്ടം ഉറപ്പാക്കുന്നത് കർഷകരുടെ അധ്വാനത്തിലൂടെയാണ്. ഉൽപാദന മേഖലകളിലും കാർഷിക മേഖലയുടെ പങ്ക് പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. കർഷകരും കർഷകത്തൊഴിലാളികളും രാജ്യത്തെ പണിയെടുക്കുന്ന ഏറ്റവും വലിയ വിഭാഗമാണ്. ഭംഗിവാക്കിൽ ഭരണകൂടം കർഷകരെ അന്നദാതാക്കൾ എന്ന് പുകഴ്ത്തുന്നു. എന്നാൽ രാജ്യത്ത് സമ്പത്ത് സൃഷ്ടിക്കുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ കർഷകർ അവഗണിക്കപ്പെടുന്നു. ഇടത്തരം, നാമമാത്ര കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അവരുടെ ആശങ്കകൾ ഉന്നയിക്കാൻ പോലും ഇടവും അനുവാദവുമില്ലാത്ത ദുരവസ്ഥ..

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഒരിക്കലും കർഷകരുടെയോ കൃഷിയുടെയോ പുരോഗതിക്ക് വേണ്ടിയല്ല. ആത്മനിർഭർ ഭാരതമെന്ന മുദ്രാവാക്യത്തെയും സ്വാശ്രയ സങ്കൽപങ്ങളെയും പുനരുജ്ജീവനത്തിന്റെ വഴികളെയും ദേശീയ താൽപര്യങ്ങളുടെ ആശയങ്ങളെയും കേന്ദ്ര സർക്കാർ വഞ്ചിച്ചു. കുത്തകവൽക്കരണം മാത്രമായിരുന്നു ലക്ഷ്യം.. ഇന്ത്യൻ കാർഷിക മേഖലയെ കുരുതികൊടുക്കാൻ മുന്നിട്ടിറങ്ങിയ കേന്ദ്ര സർക്കാരിനെ ചെറുക്കാൻ കർഷകർ മുന്നോട്ടു വന്നു. കരിനിയമങ്ങൾ റദ്ദാക്കാനുള്ള മുദ്രാവാക്യം ഗ്രാമീണ ജനതയുടെ മനസ്സിൽ മാറ്റൊലിയായി. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ കർഷക പ്രക്ഷോഭം വെല്ലുവിളിക്കുന്നു. കേരളത്തിൽ ഭരണകക്ഷി തന്നെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദിനായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ബന്ദ്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ബന്ദ് ആഹ്വാനത്തിലൂടെ കർഷക പ്രക്ഷോഭത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം കൂടുതൽ വിശാലവും ആഴമേറിയതുമായി മാറുകയാണ്. പത്ത് മാസങ്ങൾക്ക് മുമ്പ്, കർഷകർ രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചപ്പോൾ അത് ഇത്രയേറെ ശക്തവും ജനപങ്കാളിത്തമുള്ളതുമായി തീരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കർഷകരുടെ പോരാട്ടം മോഡി സർക്കാർ കർഷക വിരുദ്ധമെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നു. ഭാരത് ബന്ദിനുള്ള ആഹ്വാനം രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയ പ്രക്രിയയിൽ വഴിത്തിരിവുകളുണ്ടാക്കും.

Eng­lish sum­ma­ry; bharath-bandh-sept-27-farmers-strike

You may also like this video;

Exit mobile version