ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ബിഎഎസ്) യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്ക് ഐഎസ്ആർഒ വേഗത കൂട്ടി. നിലയത്തിന്റെ ആദ്യ ഘടകമായ ‘ബിഎഎസ് 01’ മൊഡ്യൂളിന്റെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഐഎസ്ആർഒ താല്പര്യപത്രം ക്ഷണിച്ചു. ഗഗൻയാൻ ദൗത്യത്തിന് പിന്നാലെ ബഹിരാകാശത്ത് ഇന്ത്യയുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗം 2028ൽ വിക്ഷേപിക്കും. ഘട്ടം ഘട്ടമായി കൂടുതൽ മൊഡ്യൂളുകൾ കൂട്ടിച്ചേർത്ത് 2035ഓടെ രാജ്യാന്തര നിലവാരത്തിലുള്ള ബഹിരാകാശ പരീക്ഷണശാല സജ്ജമാകും. 2035ഓടെ ഇന്ത്യൻ സഞ്ചാരികൾക്ക് ബഹിരാകാശ നിലയത്തിൽ താമസിച്ച് ഗവേഷണങ്ങൾ നടത്താൻ സാധിക്കും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന അതിശക്തമായ അലുമിനിയം അലോയ് (എഎ-2219) ഉപയോഗിച്ചാണ് മൊഡ്യൂൾ നിർമ്മിക്കുക. എട്ട് മീറ്റർ ഉയരവും 3.8 മീറ്റർ വ്യാസവുമുള്ള രണ്ട് സെറ്റ് ഘടനകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. മനുഷ്യരെ വഹിക്കുന്ന പേടകമായതിനാൽ അതീവ കൃത്യതയോടെയുള്ള നിർമ്മാണമാണ് ഐഎസ്ആർഒ ആവശ്യപ്പെട്ടിരിക്കുന്നത്. അര മില്ലിമീറ്റർ പോലും വ്യത്യാസം വരാത്ത രീതിയിലുള്ള നിര്‍മ്മാണം ഇതിനായി ആവശ്യമാണ്. വിദേശ സഹായമില്ലാതെ ഇന്ത്യൻ കമ്പനികളെ മാത്രം ഉൾപ്പെടുത്തിയാണ് നിർമ്മാണമെന്ന് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. ഇതിനാവശ്യമായ ഡിസൈനുകളും സാങ്കേതിക സഹായവും ഐഎസ്ആർഒ നൽകും. ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാണ് നിലയം സ്ഥാപിക്കുക. മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ, ഭൂമിയിൽ സാധ്യമാകാത്ത തരത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ, ഭാവിയിലെ ചന്ദ്ര ദൗത്യങ്ങൾക്കുള്ള ഇടത്താവളം എന്നിവയായി ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പ്രവർത്തിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

