Site iconSite icon Janayugom Online

ഭീമ കൊറേഗാവ് കേസ്: അഞ്ചര വർഷത്തെ തടവിന് ശേഷം ഹാനി ബാബുവിന് ജാമ്യം

ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എഎസ് ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിന്‍ഹ രാജ ഭോന്‍സലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹാനി ബാബുവിന് ജാമ്യം ലഭിക്കുന്നത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എൻഐഎയുടെ അഭ്യർത്ഥനയും ഹൈക്കോടതി തള്ളി. ഇതോടെ ഒരാഴ്ചയ്ക്കകം ഹാനി ബാബു ജയിൽ മോചിതനായേക്കും.
ജൂലൈ 2020 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഹാനി ബാബുവിനെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു കഴിയുന്നത്. കേസില്‍ അഞ്ച് വര്‍ഷവും നാല് മാസവുമായി ജയിലില്‍ കഴിയുകയാണെന്നും എന്നാല്‍ കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും ഹാനി ബാബു വാദിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും അഭിഭാഷകന്‍ ചിന്തന്‍ ഷായും ഹനി ബാബുവിന്റെ തടവ് കാലാവധി മറ്റ് കൂട്ടുപ്രതികളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന വിചിത്ര വാദമാണ് ബെഞ്ചിന് മുമ്പാകെ അവതരിപ്പിച്ചത്.
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്), റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) എന്നിവയുമായി ഹാനി ബാബുവിന് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ ആരോപണം. കൂടാതെ, മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനും സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം ശ്രമിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. ‘സീക്രസി ഹാൻഡ്‌ബുക്ക്’ എന്ന പുസ്തകം പിടിച്ചെടുത്തതും, സഹപ്രവർത്തകനായിരുന്ന പ്രൊഫ. ജി എൻ സായിബാബയെ സഹായിച്ചു എന്നതും ഇദ്ദേഹത്തിനെതിരായ കുറ്റപത്രത്തിലുണ്ട്.
2018 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏല്‍ഗാര്‍ പരിഷത്ത് കേസില്‍ ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ഇതില്‍ വരവരറാവു, സുധാ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്ഡെ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഷോമ സെന്‍, ഗൗതം നവ് ലാഖ, സുധീര്‍ ധാവലെ, റോണ്‍ വില്‍സണ്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം മറ്റൊരു പ്രതിയായ ജ്യോതി ജഗ്താപിന് സൂപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. മഹേഷ് റൗത്തിനെ സുപ്രീം കോടതി ആറ് ആഴ്ചത്തെ മെഡിക്കല്‍ ജാമ്യത്തില്‍ വിടുകയും പിന്നിട് ജാമ്യകാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ സുരേന്ദ്ര ഗാഡ് ലിങ്, സംസ്കാരിക പ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേശ് ഗൈച്ചോര്‍ എന്നിവര്‍ക്ക് ഇതുവരെ സ്ഥിരം ജാമ്യം ലഭിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട സ്റ്റാന്‍ സ്വാമി കഴിഞ്ഞ വര്‍ഷം മുംബൈയിലെ തലോജ ജയിലില്‍ വെച്ച് മരണപ്പെട്ടിരുന്നു. 

Exit mobile version