Site icon Janayugom Online

ഭീമാ കൊറേഗാവ് കേസ്: സുധാ ഭരദ്വാജിന്റെ ജാമ്യ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

ഭീമാ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്റെ ജാമ്യ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി. കോടതി വിധിയനുസരിച്ച് 50,000 രൂപ കെട്ടിവയ്ക്കണം. കൂടാതെ അത്രയും തുകയ്ക്കുള്ള ജാമ്യവസ്തുവും നല്‍കണം. നിബന്ധനകൾ ഹാജരാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന അപേക്ഷ കോടതി അനുവദിച്ചു. ഡല്‍ഹിയിലും ഛത്തീസ്ഗഢിലും തൊഴിലുമായി ബന്ധപ്പെട്ട് താമസിക്കാനുളള അപേക്ഷ കോടതി തള്ളി. മുംബൈയിലെ എന്‍ഐഎ കോടതിയുടെ പരിധിയ്ക്കു പുറത്തുപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ദിനേഷ് കൊതാലിക്കറാണ് വിധി പുറപ്പെടുവിച്ചത്. 2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധാ ഭരദ്വാജിന് മുംബൈ ഹൈക്കോടതിയാണ് ഡിസംബര്‍ ഒന്നിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈ­ക്കോടതി വിധിക്കെതിരേ എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും മുംബൈ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ജാമ്യം ശരിവയ്ക്കുകയായിരുന്നു. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ പ്രത്യേക എന്‍ഐഎ കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതിയും അത് ശരിവച്ചു. തുടര്‍ന്നാണ് എന്‍ഐഎ കോടതി സുധാ ഭരദ്വാജിന്റെ കേസ് പരിഗണിച്ചത്.

2018 ഓഗസ്റ്റിലാണ് സുധാ ഭരദ്വാജിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബറില്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ബൈക്കുള വനിതാ ജയിലില്‍ വിചാരണത്തടവുകാരിയാണ് സുധാ ഭരദ്വാജ്.

eng­lish summary;Bhima Kore­gaon case: Sud­ha Bhard­wa­j’s bail granted

you may also like this video;

Exit mobile version