Site iconSite icon Janayugom Online

ഭീമ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകരെ കുടുക്കാന്‍ ഹാക്കിങ്

ഭീമ കൊറേഗാവ് കേസില്‍ പൊലീസ് ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങളില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍. കുറ്റാരോപിതരായ റോണ വില്‍സണ്‍, വരവര റാവു, ഹാനി ബാബു എന്നിവരെ കുടുക്കാന്‍ പൂനെ പൊലീസ് ഹാക്കിങ് ഏജന്‍സികളെ ഉപയോഗിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. പ്രതികളുടെ സ്വകാര്യ കമ്പ്യൂട്ടറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഏജന്‍സിയെ ഉപയോഗിച്ച്‌ ഹാക്ക് ചെയ്ത് പൊലീസിന് ആവശ്യമായ വിവരങ്ങള്‍ കയറ്റിവച്ചു എന്നാണ് ആരോപണം. യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ ഏജന്‍സി സെന്റിനല്‍വണ്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുഎസ് ടെക്നോളജി മാസികയായ വയേഡിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭീമ കൊറേഗാവ് കേസില്‍ വില്‍സണ്‍, റാവു, ഹാനി ബാബു എന്നിവരടക്കം 16 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇതില്‍ മിക്കവരും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 84 വയസുണ്ടായിരുന്ന ഝാര്‍ഖണ്ഡിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജയിലില്‍ അന്തരിച്ചു. ലാപ്‌ടോപ്പില്‍ കണ്ടെത്തിയ രേഖകള്‍ തെളിവാക്കിയാണ് കേസിന്റെ നടപടികള്‍.

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നേതാക്കളുമായി നടത്തിയ കത്തിടപാടുകള്‍, ഇ‑മെയിലുകള്‍, യോഗങ്ങളുടെ മിനിട്ട്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്ത രേഖകള്‍. മോഡിഫൈഡ് എലഫന്റ് എന്നു പേരിട്ട ഹാക്കിങ് കാമ്പയിനാണ് പൂനെ സിറ്റി പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കുടുക്കാനായി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റോണ വില്‍സണും വരവര റാവുവുമായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇവരുടെ ലാപ്‌ടോപ് ഹാക്ക് ചെയ്ത് മാല്‍വയറുകള്‍ ഉപയോഗിച്ച്‌ ‘തെളിവുകള്‍’ തിരുകിക്കയറ്റുകയായിരുന്നു. ഇതിനായി കുറ്റാരോപിതരുടെ ഇ‑മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി കണ്ടെത്തി.

2012 മുതല്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് കാമ്പയിനാണ് മോഡിഫൈഡ് എലഫന്റ്. ഇന്ത്യയിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും അഭിഭാഷകരും ഇവരുടെ നുഴഞ്ഞുകയറ്റത്തിന് വിധേയരായിട്ടുണ്ട്. നെറ്റ്‌വയര്‍, ഡാര്‍ക് കോമറ്റ് തുടങ്ങിയ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റമുണ്ടായത്. കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഓഗസ്റ്റില്‍ ലാസ് വെഗാസില്‍ നടക്കുന്ന ബ്ലാക് ഹാറ്റ് സുരക്ഷാ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുമെന്ന് സെന്റിനല്‍വണിലെ സുരക്ഷാ ഗവേഷകന്‍ യുവാന്‍ ആന്‍ഡ്രെ ഗുറേറോ സാദെ അറിയിച്ചു.

Eng­lish summary;Bhima Kore­gaon; Hack­ing to trap human rights activists

You may also like this video;

Exit mobile version