Site iconSite icon Janayugom Online

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന് ഭീമ കൊറേഗാവ് അഭിഭാഷകന്‍

പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍. ഇതുസംബന്ധിച്ച് അഭിഭാഷകനായ നിഹാല്‍ സിങ് റാഥോഡ് സുപ്രീം കോടതിക്ക് ഇ‑മെയില്‍ അയച്ചു. പെഗാസസ് ഉപയോഗിച്ച് തന്റെ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നിഹാല്‍ ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വാട്സ്‌ആപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചു. ഈ വിവരങ്ങള്‍ തന്റെ കൈവശമുണ്ട്. പരിശോധനകള്‍ക്കായി ഫോണ്‍ കോടതിക്ക് കൈമാറാന്‍ തയാറാണ്. കേസില്‍ മറ്റു ചില ആക്ടിവിസ്റ്റുകള്‍ക്കു വേണ്ടി ഹാജരാകുന്ന തന്റെ സഹപ്രവര്‍ത്തകരുടെ ഫോണില്‍ പെഗാസസ് സോഫ്റ്റ്‌വേര്‍ കണ്ടെത്തിയതായി കാനഡയില്‍ ഇന്റര്‍നെറ്റ് സുരക്ഷയെ കുറിച്ച് പഠിക്കുന്ന സിറ്റിസണ്‍ ലാബ് അറിയിച്ചിട്ടുള്ളതായും ഇ മെയിലില്‍ പറയുന്നു.

ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായ സുരേന്ദ്ര ഗാഡ്‌‌ലിങ്, സുധീര്‍ ധാവ്‌ലെ, മഹേഷ് റൗട്ട്, ഷോമ സെന്‍, രമേഷ് ഗായ്ചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് നിഹാല്‍ സിങ് റാഥോഡ് .

ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന പൗരന്മാര്‍ക്ക് ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച സമിതിയെ പരാതികള്‍ എഴുതി അറിയിക്കാമെന്ന് സുപ്രീം കോടതി അടുത്തിടെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Bhi­ma Kore­gaon’s lawyer claims phone was leaked using Pegasus

You may like this video also

Exit mobile version