Site iconSite icon Janayugom Online

ഭൂമിയെത്ര മനോഹരം

ഞാനിതാ മോചിതയാകുന്നു
കാറ്റും വെളിച്ചവും തൊട്ടു
തീണ്ടാത്ത വിരളമായൊരാ
കവാടങ്ങൾക്കും ഇരുണ്ട വീഥികൾക്കു-
മീതെ ഞാൻ
ചിറകില്ലാതെ പറന്നുയരുന്നു
പുലരിയുടെ കുസൃതിയിൽ
വിറകൊള്ളാതെ
കാറ്റിന്റെ
നൃത്തത്തിൽ ചുവട് വെക്കാതെ
സർവാഭരണവിഭൂഷിയാം ഭൂമിയിൽ
മതിമറക്കാതെ, ഞാനിതാ വീണ്ടും
വീണ്ടുമുയർന്നുകൊണ്ടിരിക്കുന്നു
മേഘം മറച്ച നിൻ മാറിടത്തിൽ
മയങ്ങാനെന്നെ അനുവദിക്കൂ,
മഴയായ് പെയ്യാം, വെയിലായി വിരിയാം
മഞ്ഞായ് പൊഴിയാം, വാനമേ
നീയെന്നെ വാരിപ്പുണരുമെങ്കിൽ
ഞാനിവിടെ നിന്നിൽ കുടിയേറിയിട്ടും
ഹരിതമഷി കൊണ്ടെന്നിൽ കുത്തി-
വരച്ചതൊന്നും മായുന്നില്ലെന്റെ
നീലാകാശമേ, ഭൂമിയെത്ര മനോഹരം
വീണ്ടും വീണ്ടുമത് ഞാനുരുവിടുന്നു
അരുവികളുടെ അലയിളക്കം
കുരുവികളുടെ മധുരഗീതം
മൊട്ടിട്ട മുല്ലപ്പൂവിൻ ഗന്ധം
തിരയുറഞ്ഞു തുള്ളും ബഹളം,
ഓഹ് ആരെന്റെയുള്ളിലിനിയും
ഭൂമിതൻ ചിത്രം വരച്ചിടുന്നു?
ആകാശമേ, ഞാനൊരുതവണ
കൂടിയെൻ ഭൂമിയുടെ സൗന്ദര്യ-
മറിഞ്ഞു കൊള്ളട്ടെ
എന്നെ നീയൊന്ന് സ്വതന്ത്രയാക്കൂ
ആത്മാവ് മാത്രമായിയുയരും വരെ
നിനക്ക് സമയമുണ്ടായിരുന്നുവെന്ന്
നീയരുളരുത്, തിരക്കിലായിരുന്നു
ആ കാലമത്രയും ഞാനാ ഭൂമിയെ
വെട്ടിപ്പിടിക്കാനോടുകയായിരുന്നു

Exit mobile version