Site iconSite icon Janayugom Online

ഭൂപടത്തിൽ ഇല്ലാത്ത രണ്ടു പേർ പ്രണയിക്കുമ്പോൾ

ഭൂപടത്തിൽ ഇല്ലാത്ത രണ്ടു പേർ
പ്രണയിക്കുമ്പോൾ
ഭൂഗോളം ഇരുവർക്കും ചുറ്റും
തിരിയുവാൻ തുടങ്ങുന്നു 

പ്രണയത്തെക്കുറിച്ചു ഇത്രയും
പറയുവാനെന്ത് എന്നാകും ചോദ്യം
വളരെ ലളിതമായ സമവാക്യങ്ങൾ
ഉത്തരങ്ങളുടെ ബാഹുല്യം 

കണ്ണിലേക്കുറ്റു നോക്കി
സ്വപ്നങ്ങളെ വ്യാഖ്യാനിക്കുവാൻ
പ്രവാചകരുടെ തുകൽ ചുരുളുകളിൽ
ഉത്തരങ്ങൾ തിരയുന്നു 

വർഷങ്ങൾക്കു ശേഷം
ഭൂപടത്തിൽ ഇല്ലാത്ത രണ്ടു പേർ
പ്രണയമില്ലാത്ത ചെമ്മണ്ണ് വഴിയിൽ
രാജ്യത്തെ തെരയുന്നു 

കണ്ണുകളിൽ നിന്നും കണ്ണീർ
ഹൃദയം തകർന്നു നുറുങ്ങി
ചിറകറ്റ ശലഭങ്ങൾ
ഭൂമിയിൽ നിപതിക്കുന്നു 

സത്യത്തിൽ പ്രണയത്തെക്കുറിച്ചു
പറയുവാനെന്ത്?
പ്രണയമില്ലാത്ത രാജ്യത്ത്
ഇരുവരും മൂകമായിരിക്കുന്നു 

വ്യാഖ്യാനിച്ചു മടുത്ത സ്വപ്‌നങ്ങൾ
ചിറകുകൾ മുളച്ചു പറന്നു
രാജ്യാതിർത്തികൾ കടന്നു
കവിതകൾ മൂളുന്നു 

മറവിയുടെ കയങ്ങളിൽ
മുങ്ങിമരിച്ച രണ്ടുപേർ
ഭൂപടത്തിൽ ഇടം തേടാൻ കൊതിച്ചു
അന്ധരായി തുടരുന്നു 

Exit mobile version