Site iconSite icon Janayugom Online

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീട്ടില്‍ ഇഡി റെയ്ഡ്

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് താരങ്ങളുടെ വീടു​കളിൽ അടക്കം റെയ്ഡ് നടത്തി കസ്റ്റംസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് പരിശോധനയുമായി ഇഡിയും രംഗത്തെത്തിയത്. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കള്ളപ്പണ ഇടപാടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയും വിഷയത്തില്‍ ഇടപെട്ടത്.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ മമ്മൂട്ടിയുടെ പഴയ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ്. ഇവിടെയും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും അടക്കമാണ് പരിശോധന. എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തില്‍ മാത്രം 150 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എന്നാല്‍ 37 വാഹനങ്ങള്‍ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

Exit mobile version